കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ 7–ാം ഉത്സവ ദിവസം നടക്കുന്ന അതിപ്രധാനവും അതിവിശിഷ്ടവും ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്നതുമായ ചടങ്ങാണ് പൊങ്കാല.
ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നാളിലാണ് പൊങ്കാല. പണ്ട് ദേവിയെ ഗുരുവും മന്ത്രമൂർത്തിയും ചേർന്ന്.
കരിക്കകം ദേശത്തേക്ക് കൊണ്ടുവന്ന് തറവാട് മുറ്റത്ത് പച്ചപന്തൽ കെട്ടി പ്രതിഷ്ഠ നടത്തിയ സമയത്ത് സ്ത്രീ ഭക്തജനങ്ങൾ ദേവിക്ക് പന്തൽ മുറ്റത്ത് മൺകലങ്ങളിൽ പായസം തയാറാക്കി നിവേദിക്കുകയുണ്ടായി. പിന്നീട് ക്ഷേത്രങ്ങൾ പണികഴിപ്പിച്ച് ദേവിയെ പ്രതിഷ്ഠിച്ച വേളയിൽ ‘വച്ചു നിവേദ്യം’ എന്ന പേരിൽ നിവേദ്യമായി ആചരിച്ചു പോന്നു. കാലക്രമേണ അഷ്ടമംഗല ദേവപ്രശ്നത്തിൽ ഈ വിഷയം തെളിയുകയും ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങി വന്ന ശേഷം ദേവി കരിക്കകം ദേശത്ത് വന്നതിന്റെ സ്മരണാർഥം പഴയ കാലത്ത് സ്ത്രീജനങ്ങൾ പൊങ്കാല അർപ്പിച്ച് ദേവിയെ എതിരേറ്റത് പോലെ ആണ്ട് തോറും മീനമാസത്തിലെ മകം നാളിൽ ഭക്തജനങ്ങൾ പൊങ്കാലയിട്ട് ദേവീകടാക്ഷത്തിനായി പ്രാർഥിക്കുകയും ദേവി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. രാവിലെ 9.40 മണിയോടെ ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.15 ന് തർപ്പണത്തോടു കൂടി അവസാനിക്കുന്നു.