തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ചു. ബ്രൂവറി കാറ്റഗറി ഒന്നിലാണോയെന്ന് തനിക്ക് നോക്കിയാലേ പറയാൻ കഴിയൂ. സംരംഭകത്തെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനം. ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 42 മാറ്റങ്ങൾ ഇതിനകം മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ഉൾപ്പെടുന്ന സമിതിയുടെതാണ് ശുപാർശ. തദ്ദേശ നിയമങ്ങളിൽ കാലോചിത മാറ്റം കൊണ്ടു വന്നിട്ടുണ്ട്. അദാലത്തിലെ അഭിപ്രായങ്ങൾ പ്രകാരം പുതിയ മാറ്റങ്ങൾ പരിഗണിക്കുകയാണ്. ഈസ് ഓഫ് ടൂയിംഗ് ബിസിനസൻ്റെ ഭാഗമായി കൂടുതൽ പരിഷ്കാരങ്ങൾ നടത്താൻ തീരുമാനിച്ചു. സേവന ഗുണനമേൻമയിൽ ഒന്നാം സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു. കെട്ടിട നിർമ്മാണ ഫീസ് 60% കുറച്ചു. ഏപ്രിൽ മാസത്തിൽ കെ- സ്മാർട്ട് പഞ്ചായത്തിലും പുതിയകാല സംരംഭങ്ങൾക്ക് ലൈസൻസ് നൽകാനായി ചട്ട ഭേദഗതി ചെയ്തുവെന്നും എംബി രാജേഷ് പറഞ്ഞു. ഫാക്ടറി പോലുളള സംരംഭങ്ങളെ ക്ലാസ് ഒന്നായി പരിഗണിക്കും. സൂഷ്മ സംരംഭങ്ങൾ നടത്തുന്ന വീടുകളിൽ ലൈസൻസ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലക്കാട് എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട സംവാദത്തിൽ നിന്നും പ്രതിപക്ഷം ഓടി ഒളിക്കുകയാണ്. പാലക്കാട് എംപിയോട് എനിക്ക് ഒരു വിരോധവുമില്ലെന്നും മന്ത്രി പറഞ്ഞു. ആദ്യം ആരോപണം ഉന്നയിച്ചത് ചെന്നിത്തലയാണ്. അദ്ദേഹം വരട്ടെ. ആരോപണം ഉന്നയിച്ച ചെന്നിത്തലയും പ്രതിപക്ഷ നേതാവും എംപിയും വരട്ടെയെന്നും മന്ത്രി പറഞ്ഞു. ഒരാൾക്കു പകരം മറ്റൊരാൾ എന്ന് പറയുന്നത് ശരിയല്ല. കർണാടയിൽ 45-ാമത്തെ ഡിസ്ലറിയുടെ വിപുലീകരണത്തിന് അനുമതി നൽകിയത് ചെന്നിത്തല അറിഞ്ഞോയെന്നും എംബി രാജേഷ് ചോദിച്ചു.