തിരുവനന്തപുരം :കോഴിക്കോട്ടിറങ്ങേണ്ടുന്ന സ്‌പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര വിമാനം കാലാവസ്ഥാ പ്രശ്‍നം കാരണം ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിലിറക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കി കെ എസ് ആർ ടി സി.
വിമാനത്തിലെത്തിയ പ്രവാസികളെ കോഴിക്കോടെത്തിക്കാൻ വഴി തേടിയ സ്‌പൈസ് ജെറ്റ് എയർ പോർട്ട് മാനേജർ അരുൺ രാവിലെ ഏഴ് മണിക്ക് കെ.എസ്.ആർ.ടി.സി കൊമേർഷ്യൽ എക്സിക്യൂട്ടീവ് ആയ അനൂപിനെ വിളിക്കുക ആയിരുന്നു. കെ.എസ്.ആർ.ടി.സി ബസ്സുകൾ കോഴിക്കോടേക്ക് സർവീസിന് ലഭ്യമാക്കുമോ എന്ന് ചോദിച്ചു. തുടർന്ന് കൃത്യമായ ഇടപെടൽ നടത്തിയ അനൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി .പി.പ്രദീപ്‌കുമാറിനെയും ചീഫ് ട്രാഫിക് ഓഫീസർ ആയ ഉദയകുമാറിനെയും ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ 4 ലോ ഫ്ലോർ എ.സി.ബസ്സുകൾ തേവര ജനറൽ സി.ഐ.ആയ ജെയിംസിന്റെ നേതൃത്വത്തിൽ കൃത്യം 8.00 മണിക്ക് നെടുമ്പാശ്ശേരിയിൽ എത്തിച്ചു
വിമാനത്തിലെത്തിയ പ്രവാസികൾക്കായി സർവീസ് നടത്തുകയും ചെയ്തു.
ഈ പ്രവർത്തനത്തിലൂടെ കെ.എസ്.ആർ.ടി.സിക്ക് അധികവരുമാനമായി 88,000 രൂപ ലഭിക്കുകയും കെ.എസ്.ആർ.ടി.സിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും തുടർപിന്തുണ ഉറപ്പാക്കുകയും ചെയ്തു.