കേരള നിയമസഭ രാജ്യത്തിനു മാതൃകയാണെന്നു നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം(കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃക നിയമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ നിർമാണമാണ് നിയമസഭാ സാമാജികന്റെ ജോലി. ഒരു നിയമം നിർമിക്കുമ്പോൾ എല്ലാ വശങ്ങളും പരിശോധിച്ച് അത് പാസാക്കേണ്ട ഉത്തരവാദിത്തമാണ് ഓരോ സാമാജികനുമുള്ളത്. പാർലമെന്റിൽപ്പോലും ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ചാണ് നിയമങ്ങൾ പാസാക്കുന്നത്. അവിടെ ചർച്ചകൾക്കോ സൂക്ഷ്മ പരിശോധനയ്ക്കോ ഇടമില്ല. എന്നാൽ എല്ലാവരുടേയും അഭിപ്രായങ്ങൾ കേട്ടാണ് കേരള നിയമസഭ നിയമം പാസാക്കുന്നത്. അതാണ് കേരള നിയമസഭയുടെ പ്രത്യേകതയെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
മാതൃകാ നിയമസഭയിലെ സാമാജികരായി എത്തിയ വിദ്യാർഥികൾ എല്ലാ കാര്യങ്ങളും സൂക്ഷ്മതലത്തിൽ കണ്ട് പഠിക്കണമെന്നും സ്പീക്കർ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മാതൃകാ നിയമസഭയിൽ പങ്കെടുത്തത്. നിയമസഭയുടെ മാതൃകയിൽ കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ട് ഭാഗത്തായി ഇരുന്ന് സ്പീക്കറുടെ അധ്യക്ഷതയിലാണു മാതൃകാ സഭ നടത്തിയത്.
നാലാഞ്ചിറ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ സനൂജ് ജി.എസ് ആണ് സ്പീക്കറായി വേഷമിട്ടത്. തൊളിക്കോട് ജി.എച്ച്.എസ്.എസിലെ ഫാത്തിമ എസ് ഡെപ്യൂട്ടി സ്പീക്കറായും വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ഗൗരിപ്രിയ എസ് മുഖ്യമന്ത്രിയായും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഷിൽപ ടി.എസ് പ്രതിപക്ഷ നേതാവായും വേഷമിട്ടു. സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറി എ.എം ബഷീർ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.