November 21, 2024

Login to your account

Username *
Password *
Remember Me

ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

തൊഴിൽ സങ്കൽപങ്ങൾ മാറിവരുന്ന ഇക്കാലത്ത് വർത്തമാനകാലഘട്ടത്തെ അതിജീവിക്കാൻ കഴിയുന്ന തൊഴിലുകളാണ് പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ടതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കേരള നോളെജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട അടിസ്ഥാന ജനവിഭാഗത്തെ മുന്നോട്ടുകൊണ്ടുവരാൻ ഉന്നതി തൊഴിൽ പദ്ധതി പ്രയോജനകരമാകും. പട്ടികജാതി – പട്ടികവർഗ സമൂഹത്തിന് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ഉന്നതിയിലേക്കുള്ള ചവിട്ടുപടിയാണ്. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ജീവിതം മെച്ചപ്പെടുത്താൻ അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.


ഈ സർക്കാർ വന്നതിനുശേഷം വിദേശസർവകലാശാലകളിലും ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാനുള്ള അവസരം പട്ടികജാതി – പട്ടികവർഗ വിദ്യാർഥികൾക്ക് ലഭ്യമായിട്ടുണ്ട്. പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്ക് ബന്ധപ്പെട്ട തൊഴിൽ നേടുന്നതിനുള്ള അവസരം ഉന്നതിവഴി നൽകാനാകും. തൊഴിൽ നേടുന്നതിനൊപ്പം തൊഴിൽദാതാക്കളായി മാറാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കേരള നോളെജ് ഇക്കോണമി മിഷനും പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവർമെൻറ് സൊസൈറ്റി’യുമായി ചേർന്നാണ് ഉന്നതി തൊഴിൽ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ തൽപരരായ, 18 നും 59നും ഇടയിൽ പ്രായമുള്ള, പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള, പട്ടികജാതി- പട്ടികവർഗ തൊഴിലന്വേഷകരെ കണ്ടെത്തി റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ പരിശീലനത്തിലൂടെയോ തൊഴിൽ ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്.


തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. നോളെജ് മിഷൻ ഡിഐഇ മാനേജർ പ്രിജിത്ത് പി കെ സ്വാഗതം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം ജെ അരവിന്ദാക്ഷൻ, എസ് സി അഡീഷണൽ ഡയറക്ടർ വി സജി, എസ് സി ജില്ലാ ഓഫീസർ അംബിക ഇ എസ്, എസ് ടി ജില്ലാ ഓഫീസർ സന്തോഷ് കുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു. നോളെജ് മിഷൻ പ്രോഗ്രാം കോഡിനേറ്റർ നിതിൻ ചന്ദ്രൻ നന്ദി പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ പ്രമോട്ടർമാർക്കുള്ള ഏകദിന പരിശീലനം നടന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.