ഭവന നിർമ്മാണ രംഗത്തെ അനുഭവ സമ്പത്തിന്റെയും പുതിയ കാലത്തിന്റെ കൃത്യതയാർന്ന വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഹൗസിംഗ് ബോർഡിന്റെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരുമെന്ന് റവന്യു ഭവന നിർമ്മാണ മന്ത്രി കെ രാജൻ പറഞ്ഞു. ഇടത്തരം വരുമാനക്കാർക്കായി ഹൗസിംഗ് ബോർഡ് നടപ്പാക്കുന്ന ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു.
കേരളത്തിലെ മറ്റു ബോർഡുകളിൽ നിന്നും വ്യത്യസ്തമായി 14 ജില്ലകളിലും ഭൂമിയുൾപ്പെടെ നിരവധി ആസ്തികൾ ഉള്ള സ്ഥാപനമാണ് ഹൗസിംഗ് ബോർഡ്. പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു ഏറ്റവും കുറഞ്ഞ കാലയളവിൽ ഹൗസിംഗ് ബോർഡിനെ പഴയ ഊർജ്ജസ്വലതയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഡയക്ടർ ബോർഡും ജീവനക്കാരും ഗൗരവത്തോടെ പ്രവർത്തിക്കണം. തിരുവനന്തപുരത്ത് നടപ്പാക്കുന്ന ഹൗസിംഗ് ബോർഡ് ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ ഗുണഭോക്തൃ രജിസ്‌ട്രേഷൻ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് ബോർഡിന്റെ പാരമ്പര്യത്തിലും വിശ്വാസ്യതയിലുമുള്ള ഉറപ്പു കൊണ്ടാണ്. ഹൗസിംഗ് ബോർഡിനെ ഇടക്കാലത്ത് ഉണ്ടായ പ്രതിസന്ധികളിൽ നിന്നും അതിവേഗം തിരിച്ചു കൊണ്ടുവരും.
കൊച്ചിയിൽ മറൈൻ ഡ്രൈവിൽ ബോർഡിന്റെ കൈവശമുള്ള 17 ഏക്കർ സ്ഥലത്ത് 40 ലക്ഷം ചതുരശ്ര അടിയിൽ താമസത്തിനും വ്യാപാരത്തിനും വിവിധ വിനോദ ഉപാധികൾക്കും ഉതകുന്ന തരത്തിൽ അന്താരാഷ്ട നഗരിക്ക് ഭവന നിർമ്മാണ ബോർഡ് തുടക്കം കുറിക്കുകയാണ്. എൻ ബി സി സി യുമായി കരാർ ഒപ്പുവച്ച് നടപടി ക്രമങ്ങളിലേക്ക് പോകുകയാണ്. 2150 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര നഗരിക്ക് ഇപ്പോഴത്തെ പ്രകാരം 3650 കോടി രൂപ വിപണ മൂല്യം പ്രതീക്ഷിക്കുന്നു.
10 വർഷം സേവന കാലയളവ് ബാക്കിയുള്ള സർക്കാർ, അർധ സർക്കാർ ജീവനക്കാർക്കുള്ള ഭവന പദ്ധതി പുതുതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു. എം എൻ ലക്ഷം വീട് പദ്ധതിയിലെ ഇരട്ട വീടുകൾ ഒറ്റവീടുകളാക്കി മനോഹരമായി പുതുക്കി പണിയാൻ ഭവന നിർമ്മാണ ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കും. ഇതിന് നിർവധി സന്നദ്ധ സാമൂഹിക സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി പി സുനീർ, ഗീതാ ഗോപി, ഹൗസിംഗ് കമ്മീഷണർ ബി. അബ്ദുൾ നാസർ, സി ഹരികുമാർ , പൂജപ്പുര രാധാകൃഷ്ണൻ, ബി ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.