2035-ഓടെ കേരളത്തിലെ ജനങ്ങളിൽ 90 ശതമാനവും നഗരവാസികളാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തിൽ നഗരാസൂത്രണ പദ്ധതികൾ ക്രിയാത്മകമായും വേഗത്തിലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്മാർട്‌സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം സ്ഥാപിച്ച മൾട്ടിലെവൽ കാർ പാർക്കിംഗ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ തലസ്ഥാന നഗരിയിൽ ഏറ്റവും ആവശ്യമുള്ള ഒന്നാണ് പാർക്കിംഗ് സൗകര്യം. സാധാരണഗതിയിൽ അവരവരുടേതായ വാഹനങ്ങളിലാണ് ഇന്ന് വ്യക്തികൾ സഞ്ചരിക്കുന്നത്. എല്ലാവർക്കു മുന്നിൽ വാഹന പാർക്കിംഗ് പ്രശ്‌നമായി മാറുന്നു. ജന സാന്ദ്രത വളരെ കൂടുതലായ സംസ്ഥാനമെന്ന നിലയിൽ വാഹനപ്പെരുപ്പവും കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ പരമ്പരാഗത രീതിയിലുള്ള പാർക്കിംഗ് രീതി തുടരാനാകില്ല. അതുകൊണ്ടാണ് ഒരു മൾട്ടി ലെവൽ വാഹന പാർക്കിംഗ് സംവിധാനം ആവശ്യമാണെന്ന് പല നഗരങ്ങളും ആലോചിക്കാൻ ഇടയായത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസ്തുത പദ്ധതി യാഥാർത്ഥ്യക്കാൻ തിരുവനന്തപുരം കോർപ്പറേഷന് സാധിച്ചു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾ നടക്കുന്ന വേളയിൽ, നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി തമ്പാനൂരിലെ ഈ വാഹന പാർക്കിംഗ് സംവിധാനം സമർപ്പിക്കാൻ സാധിക്കുന്നുവെന്നത് സന്തോഷകരമാണ്. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സെൻട്രൽ ബസ് ടെർമിനൽ എല്ലാ ഒത്തുചേരുന്ന വളരെ തിരക്കേറിയ തിരുവനന്തപുരം നഗരത്തിന്റെ ഭാഗത്ത് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത് തിരുവനന്തപുരത്തേക്ക് എത്തിപ്പെടുന്ന എല്ലാവർക്കും നല്ല രീതിയിൽ ഉപകരിക്കും. 19 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്. പാർക്കിംഗിനുളള ബുക്കിംഗ് അതോടൊപ്പം ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന എന്നിവ പാർക്കിംഗ് സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്‌കാരങ്ങൾ തിരുവനന്തപുരം നഗരസഭക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച ഭിന്നശേഷി സൗഹൃദ നഗരസഭക്കുള്ള പുരസ്‌കാരം, 2021-22 വർഷത്തെ സ്വരാജ് ട്രോഫി, ഏറ്റവും മികച്ച ഹരിത കർമ്മ സേന പ്രവർത്തനത്തിനുള്ള അവാർഡ്, സുസ്ഥിര മാലിന്യ സംസ്‌കരണത്തിലെ മികച്ച മാതൃകക്ക് നീതി ആയോഗ് പ്രത്യേക പരാമർശം തുടങ്ങിയ അംഗീകാരങ്ങളെല്ലാം തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയവയാണ്.
നവകേരള സൃഷ്ടി യുടെ ഭാഗമായി ഒരു പ്രത്യേക നഗര നയത്തിന് ഗവൺമെന്റ് രൂപം നൽകി. ആദ്യഗഡുവായ 300 കോടി രൂപയിൽ നൂറുകോടി രൂപ ഇപ്പോൾതന്നെ കിഫ്ബി മുഖേന അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം നമ്മുടെ സംസ്ഥാനത്ത് ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടായി എങ്കിലും നല്ല രീതിയിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന ഗവൺമെന്റിന് കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നത് നഗരങ്ങളുടെ വികസനത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്. നമ്മുടെ ഭാവിതലമുറയുടെ ജീവിതം ശോഭനമാക്കാൻ കൂടിയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതെന്നന്നും നിറഞ്ഞ സന്തോഷത്തോടെയാണ് മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ സ്വാഗതമാശംസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി, ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഡപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ സംബന്ധിച്ചു. 400 ഇരുചക്രവാഹനങ്ങൾക്കും 22 കാറുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം സെന്ററിൽ ഒരുക്കിയിട്ടുണ്ട്. 826 സ്‌ക്വയർ മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് പാർക്കിംഗിനു പുറമേ വാണിജ്യാവശ്യത്തിനും ഓഫീസ് ആവശ്യത്തിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.