കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടത്തേണ്ട തയ്യാറെടുപ്പുകള്‍ യോഗത്തില്‍ വിശദീകരിച്ചു. ദുരന്ത സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയും അടിയന്തര ഘട്ടത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. തീരദേശ - മലയോര മേഖല, മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധവയ്ക്കും. ആവശ്യമെങ്കില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കുന്നതിനുള്ള കെട്ടിടങ്ങള്‍ നേരത്തെ തന്നെ എല്ലാ തദ്ദേശസ്ഥാപനങ്ങളും കണ്ടെത്തണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയും വേണം. ദുരിതാശ്വാസക്യാംപുകളിലും ആശുപത്രികളിലും ഭക്ഷ്യവസ്തുക്കള്‍, ശുദ്ധജലം, വൈദ്യുതി, മറ്റ് അടിസ്ഥാന - അവശ്യ വസ്തുക്കള്‍ എന്നിവ കൃത്യമായി എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണമെന്നും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
വെള്ളപ്പൊക്കം തടയാന്‍ നദികള്‍, തോടുകള്‍, ഓടകള്‍, നീര്‍ച്ചാലുകള്‍, വെള്ളക്കെട്ടുണ്ടാകുന്നസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ തടസങ്ങള്‍ നീക്കണം. കടല്‍ക്ഷോഭം തടയുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി തീര്‍ക്കണം. കടല്‍ക്ഷോഭം സംബന്ധിച്ച മുന്നറിയിപ്പ് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കൃത്യമായി ലഭ്യമാക്കേണ്ടതാണ്. റോഡുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആവശ്യമായ സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പാതയോരങ്ങളില്‍ അപകടാവസ്ഥയിലുള്ള പരസ്യ ബോര്‍ഡുകളും മരങ്ങളുടെ ശിഖരങ്ങളും നീക്കം ചെയ്യുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും എല്ലാ സ്‌കൂളുകളും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. മഴക്കാല മുന്നൊരുക്കങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എല്ലാ വകുപ്പുകളും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. ഇതിനുപുറമെ ജില്ലയിലെ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും വിവിധ വകുപ്പുകള്‍ക്ക് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ്. ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ജയമോഹന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.