November 22, 2024

Login to your account

Username *
Password *
Remember Me

മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കെഎസ്‌ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ

സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ 101 കോടി രൂപ വായ്പ നൽകിയതായി മാനേജിങ് ഡയറക്ടർ ഹരികിഷോർ ഐ.എ.എസ് അറിയിച്ചു. 64 സംരംഭകർക്കാണ് ഇതുവരെ വായ്പ നൽകിയത്. സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ 1500 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിവർഷം 200 സംരംഭകർക്കെങ്കിലും വായ്പ നൽകാനാണ് കെഎസ്‌ഐഡിസി ഉദ്ദേശിക്കുന്നത്.


പദ്ധതി പ്രകാരം സംരംഭങ്ങൾക്ക് 25 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ് വായ്പ നൽകുന്നത്. പദ്ധതി ചെലവിന്റെ 80 ശതമാനം വരെ വായ്പ ലഭിക്കും. 5.50 ശതമാനം മാത്രമാണ് പലിശ. സംരംഭകർക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയാണിത്. സമയബന്ധിതമായ തിരിച്ചടവിന് 0.50 ശതമാനം കിഴിവും ലഭിക്കും. പുതിയ സംരംഭങ്ങൾക്കും ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തന മൂലധനമായും വായ്പ നൽകും. ഏതു തരം സ്ഥാപനങ്ങളും വായ്പയ്ക്ക് അർഹമായിരിക്കും. വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും കമ്പനികൾക്കും ഒന്നിലേറെ വ്യക്തികൾ നടത്തുന്ന പാർട്ണർഷിപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളും ഈ പ്രത്യേക പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള വായ്പകൾക്ക് അർഹമാണ്. ഒരു കോടി രൂപ വരെയുള്ള വായ്പകൾക്ക് നടപടിക്രമങ്ങൾക്കുള്ള ഫീസ് ആവശ്യമില്ല. ഒരു കോടിയിലേറെ രൂപയുള്ള നിശ്ചിത കാലാവധിക്കുള്ള വായ്പകൾക്ക് സാധാരണ ഗതിയിൽ ചുമത്തപ്പെടുന്ന ഫീസ് ബാധകമായിരിക്കും.


18 മുതൽ 60 വയസുവരെയുള്ളവർക്കാണ് വായ്പ നൽകുക. സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ, പ്രവാസി മലയാളികൾ എന്നിവർക്ക് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. തിരിച്ചടവ് കാലാവധി അഞ്ച് വർഷം. ഒരു വർഷത്തെ മൊറട്ടോറിയം നൽകും. അപേക്ഷകർക്ക് 650ന് മുകളിൽ സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെഎസ്‌ഐഡിസിയുടെ www.ksidc.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2318922.
Rate this item
(0 votes)
Last modified on Saturday, 18 March 2023 10:14

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.