വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രാപ്തരാക്കാന്‍ ഡിജിറ്റല്‍ പാഠശാല പദ്ധതി
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റല്‍ പാഠശാല പദ്ധതിയുടെ ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മാര്‍ച്ച് 8ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാന്‍ ഡിജിറ്റല്‍ പാഠശാല പദ്ധതി ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡിജിറ്റല്‍: ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും (DigitALL: Innovation and technology for gender equality) എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം. സ്ത്രീകളുടെ സുസ്ഥിരമായ ഭാവിക്ക് നൂതന സാങ്കേതികവിദ്യയായ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അനിവാര്യമാണ്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് ഡിജിറ്റല്‍ പാഠശാല പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്ന പദ്ധതിയാണിത്. വനിത ശിശു വികസന വകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍, എടിഎം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തില്‍ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഇതിലേക്ക് ജെന്‍ഡര്‍ പാര്‍ക്ക് ഒരു ശില്‍പ്പശാല നടത്തി മൊഡ്യൂള്‍ തയ്യാറാക്കി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരായി പരിശീലനം നല്‍കുന്നു. അത്തരം പരിശീലകരെ ഉപയോഗപ്പെടുത്തി അങ്കണവാടി പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുവാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.