April 25, 2024

Login to your account

Username *
Password *
Remember Me

മലയാള ഭാഷയുടെ ലോകവ്യാപനത്തിനു മലയാളം മിഷന്റെ പങ്ക് വലുത്: മന്ത്രി സജി ചെറിയാൻ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികൾക്കിടയിൽ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും മലയാള ഭാഷയുടെ ലോകവ്യാപനത്തിന് ഈ പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കു വലുതാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച മൂന്നാമത് മലയാണ്മ അധ്യാപക പരിശീലന ശിൽപ്പശാലയുടെ ഉദ്ഘാടനവും ഭാഷാ പുരസ്‌കാരങ്ങളുടെ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.


60 ലോകരാജ്യങ്ങളിലും രാജ്യത്തെ 20 സംസ്ഥാനങ്ങളിലുമായി വിപുലമായ പ്രവർത്തനമാണു മലയാളം മിഷൻ നടത്തുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അമ്പതിനായിരത്തിലേറെ വിദ്യാർഥികൾ മലയാളം മിഷൻ മുഖേന മലയാള ഭാഷ പഠിക്കുന്നുണ്ട്. അയ്യാരിത്തോളം അധ്യാപകർ ഭാഷ പഠിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. വലിയൊരു സർവകലാശാലയ്ക്കുള്ളത്ര അറിവിന്റെ സമ്പന്നതയാണിത്. മലയാള ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരേയും സൗജന്യമായി പഠിപ്പിക്കുന്ന അധ്യാപകർ, സൗജന്യമായി പഠനം സ്വീകരിക്കുന്ന വിദ്യാർഥികൾ എന്ന രീതി ലോകത്തുതന്നെ ആദ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


മലയാള ഭാഷ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരണം. ഭരണതലത്തിൽ മലയാളത്തിന്റെ ഉപയോഗം സമ്പൂർണമായിക്കഴിഞ്ഞു. ഭരണഭാഷ മലയാളത്തിലേക്കു പൂർണമായി മാറിയതോടെ ഭരണപ്രക്രിയ കൂടുതൽ സുഗമമായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മലയാളം മിഷന്റെ 2023ലെ മാതൃഭാഷാ പുരസ്‌കാരങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. കണിക്കൊന്ന പുരസ്‌കാരം മലയാളം മിഷൻ മുംബൈ ചാപ്റ്ററും സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ഷാർജ ഇന്ത്യൻ അസോസിയേഷനും ഏറ്റുവാങ്ങി.


വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ വിനോദ് വൈശാഖി, റേഡിയോ ഹെഡ് ജേക്കബ് ഏബ്രഹാം എന്നിവരും പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.