തിരുവനന്തപുരം; സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന ട്രക്ക് ബോഡികളും ,ട്രക്ക് ക്യാബിനുകളും, ടിപ്പർ ബോഡികളും സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി ജസ്റ്റിസ്റ്റ്സ് പി.വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ ബഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രക്കിന്റെയും ടിപ്പറിന്റെയും ബോഡി നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന AIS :093 ടൈപ്പ് അപ്രൂവലും, ക്യാബിൻ നിർമ്മിക്കാൻ AIS:029 ടൈപ്പ് അപ്രൂവലും വേണമെന്നിരിക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ സംസ്ഥാനത്തെ പ്രാദേശിക ചെറുകിട വർക്ക്ഷോപ്പുകളിൽ നിന്നും ദിനംപ്രതി നൂറ് കണക്കിന് ട്രക്കും, ടിപ്പറുകളുമാണ് ബോഡി നിർമ്മിച്ച് പുറത്തിറക്കുന്നത്.
ഇത്തരത്തിൽ ബോഡി നിർമ്മിക്കുന്ന വാഹനങ്ങൾ അപകടത്തിൽപെട്ടാൽ വളരെ വലിയ ദുരന്തങ്ങളാണ് ഉണ്ടാകുന്നത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ ഒരാൾ കേന്ദ്ര ലൈസൻസ് എടുത്താൽ അന്ന് മുതൽ ഒരു വർഷത്തിനകം മറ്റുള്ള ട്രക്ക് & ടിപ്പർ ബോഡി ബിൾഡർമാർക്ക് ലൈസൻസ് എടുക്കണമെന്ന് 2020 സെപ്തംബർ 9 തിന് സംസ്ഥാന ഗതാഗത സെക്രട്ടറി ഒരു വർഷത്തേക്ക് ഉത്തരവ് നൽകിയിരുന്നു. 2021 ൽ ഉത്തരവിന്റെ കാലവധി അവസാനിച്ചിട്ടും , കേരളത്തിൽ ഇത്തരത്തിൽ അംഗീകാരമില്ലാത്ത ട്രക്ക് & ടിപ്പർ ബോഡി ബിൾഡിംഗ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും, അപകടങ്ങൾ വർദ്ധിക്കുന്നതുമാണ് നിലവിലെ പുതിയ ഉത്തരവിന് കാരണമായത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നും ബോഡി നിർമ്മിച്ച് വരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ മന്ദീഭവിച്ചിരിക്കുകയാണ്.