November 23, 2024

Login to your account

Username *
Password *
Remember Me

7.61 കോടി രൂപയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

pinarayi vijayan pinarayi vijayan
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അതത് പ്രദേശത്തെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.
ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഒട്ടേറെ വികസന പ്രവര്‍ത്തങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളില്‍ 56.59 കോടി രൂപയുടെ ഉദ്ഘാടനമാണ് നടത്തിയത്. ഇതിന് പുറമേയാണ് 4 പദ്ധതികള്‍. 5.5 കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ 2 പുതിയ ഐ.സി.യു.കള്‍, പൈക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 19.93 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം, 10 കോടി രൂപയുടെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി, ആദ്യ 1000 ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കള്‍; 100 ഐ.സി.യു. കിടക്കകള്‍
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള സെന്‍ട്രല്‍ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
കോട്ടയം പൈക സാമൂഹികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം
കോട്ടയം പൈക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 19.93 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. പുതിയ കെട്ടിടത്തില്‍ അത്യാഹിത വിഭാഗം, ഒബ്‌സര്‍വേഷന്‍ റൂം, 2 ഐ.പി വാര്‍ഡുകള്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഒ.പി വിഭാഗം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, എക്‌സറേ, ഇ.സി.ജി യൂണിറ്റുകള്‍, ഫിസിയോതെറാപ്പി യൂണിറ്റ്, ആര്‍.എന്‍.റ്റി.സി.പി ഡോട്ട് യൂണിറ്റ്, ഫാര്‍മസി, ലാബ് സൗകര്യങ്ങള്‍ കൂടാതെ ഭരണവിഭാഗം, പബ്ലിക് ഹെല്‍ത്ത് വിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശാലമായ കോണ്‍ഫറന്‍സ് ഹാളും, ലിഫ്റ്റ് സൗകര്യവും ആധുനിക ഫയര്‍ & സേഫ്റ്റി സൗകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടുകൂടി പൈക ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മികച്ച സേവനം ലഭിക്കുന്നതാണ്.
ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി കോന്നി
പത്തനംതിട്ട കോന്നിയില്‍ 10 കോടി രൂപ മുടക്കി സജ്ജമാക്കിയ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണിത്. 15,000 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ലബോറട്ടറി പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും
11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് വിപുലമാക്കുന്നു. പുതിയ 17 പ്രോജക്ടുകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലാണ് പരിപാടി വ്യാപിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതു വരെയുള്ള ആദ്യ 1000 ദിനങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. 2.18 കോടിയുടെ പദ്ധതിയാണിത്. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന നാള്‍ മുതല്‍ അങ്കണവാടി പ്രവര്‍ത്തകരും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളില്‍ ഗുണഭോക്താക്കളുടെ ഭവന സന്ദര്‍ശനം നടത്തിയാണ് ഇടപെടലുകള്‍ നടത്തുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.