ഓപ്പറേഷന്‍ ഹോളിഡേ പ്രത്യേക പരിശോധന
തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്സവ സീസണുമായി ബന്ധപ്പെട്ട് കൂടുതല്‍ വില്‍പ്പനയുള്ള കേക്ക്, വൈന്‍, മറ്റ് ബേക്കറി സാധനങ്ങള്‍ എന്നിവ നിര്‍മ്മിയ്ക്കുന്ന നിര്‍മ്മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പരിശോധനയും നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ച് നിയമ നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1514 സ്ഥാപനങ്ങള്‍ പരിശോധിയ്ക്കുകയും ലൈസന്‍സില്ലാതെയും വൃത്തിഹീനമായും പ്രവര്‍ത്തിച്ചിരുന്ന 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ചെറിയ നൂനതകള്‍ കണ്ടെത്തിയ 171 സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും വലിയ നൂനതകള്‍ കണ്ടെത്തിയ 97 സ്ഥാപനങ്ങള്‍ക്ക് ഫൈന്‍ അടയ്ക്കുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു.
പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 260 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് അനലിറ്റിക്കല്‍ ലാബുകളിലേയ്ക്ക് അയച്ചു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്.