കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റെക്കോഡില്‍
തിരുവനന്തപുരം:മാറുന്ന കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗര വസന്തം പുഷ്‌പോത്സവത്തിന്റെയും റിഗാറ്റ നാട്യ സംഗീത കേന്ദ്രയുടെ 50ാം വാര്‍ഷികത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പകല്‍ സമയങ്ങളിലെ അധ്വാനത്തിനു ശേഷം രാത്രി കാലങ്ങളില്‍ മാനസികോല്ലാസത്തിനായി കലാപരിപാടികള്‍ സംഘടിപ്പിക്കുക എന്നത് കേരളത്തിന്റെ െൈപതൃകത്തിന്റെ ഭാഗമായിരുന്നു. ഇത്തരം രീതികളെ തിരിച്ചുകൊണ്ടുവരാനാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം രംഗത്ത് നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗര വസന്തം പോലുള്ള പരിപാടികള്‍ അത്തരം ശ്രമങ്ങള്‍ക്ക് ഈര്‍ജ്ജം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സമാധാനാന്തരീക്ഷം ടൂറിസം മേഖലയ്ക്കു മുതല്‍കൂട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൈം മാഗസിനും ഇന്ത്യ ടുഡെയും പോലുള്ള ദേശീയ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍. ലോകത്തിലെ കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തെരഞ്ഞെടുത്ത് കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസത്തിനു ലഭിച്ച അംഗീകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന് റോസാച്ചെടി നല്‍കിക്കൊണ്ട് നഗരവസന്തത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്ടര്‍ ഗിരിജ ചന്ദ്രന് ചിലങ്ക നല്‍കിക്കൊണ്ട് റിഗാറ്റയുടെ 50ാം വാര്‍ഷിക പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന രൂപീകൃതമായ ശേഷം ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തിയ വര്‍ഷമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷംവഹിച്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വര്‍ഷം സെപ്തംബര്‍വരെയുള്ള കണക്കനുസരിച്ച് 13380000 ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് ഒന്നരക്കോടിയോളമാകുമെന്നും ഇതു സര്‍വ്വകാല റെക്കോഡാണെന്നും മന്ത്രി പറഞ്ഞു. നഗരവസന്തത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ വൈദ്യതി ദീപാലങ്കാരങ്ങളുടെ സ്വിച് ഓണ്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേരളത്തിന്റെ സാഹോദര്യ, സഹവര്‍ത്തിത്വ മനോഭാവമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, വി.കെ. പ്രശാന്ത് എംഎല്‍എ, ടൂറിസം വകുപ്പ് ഡയറക്ടര്‍ പ്രേം കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനു ശേഷം റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി.