തൃശൂർ:ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും, എനർജി മാനേജ്മെന്റ് സെന്റർ കേരളയും ചേർന്ന് ഊർജ്ജ കിരൺ പരിപാടിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പട്ടിക്കാട് ഇസാഫ് ബാങ്കിന് സമീപം നടന്ന പരിപാടി റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച റാലി പാണഞ്ചേരി പഞ്ചായത്ത് പരിസരത്ത് അവസാനിച്ചു. പരിപാടിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒ യുമായ കെ പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. എനർജി മാനേജ്മെന്റ് സെന്റർ പ്രതിനിധി പി ജെ മാത്യു സെമിനാറിന് നേതൃത്വം നൽകി. പട്ടിക്കാട് ഇലക്ട്രിസിറ്റി വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു, പട്ടിക്കാട് എസ്.ഐ. ഷാജു എ ഒ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, വനിത സ്വയം തൊഴിൽ സംരംഭകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.