കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് ഇവ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തിയത്. മൂടൽ മഞ്ഞ് റോഡ് യാത്രക്കാരേയും പ്രതിസന്ധിയിലാക്കി.
നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലൊക്കെ മഞ്ഞുണ്ടായിരുന്നെങ്കിലും കനത്ത മൂടൽ മഞ്ഞായിരുന്നു ഇന്ന്. റോഡിൽ പരസ്പരം കാണാനാവാത്ത അവസ്ഥയായിരുന്നു. വിമാന ഗതാഗതത്തെയാണ് മൂടൽ മഞ്ഞ് രാവിലെ കാര്യമായി ബാധിച്ചത്. നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങളാണ് വഴി തിരിച്ച് വിട്ടത്. ഗൾഫ് എയറിന്റെ ബഹ്റെയ്നിൽ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബായിൽ നിന്നുള്ള വിമാനം, ദോഹയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്.
റോഡിലും മൂടൽ മഞ്ഞിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തിയത്. വിമാനങ്ങളുടെ ഷെഡ്യൂളിൽ മാറ്റം വന്നിട്ടില്ലെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. തുടർച്ചയായി പെയ്യുന്ന മഴ മൂലം അന്തരീക്ഷത്തിലെ ആർദ്രത വർധിച്ചതാണ് മൂടൽ മഞ്ഞിന് കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു.