തിരുവനന്തപുരം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മെഡിക്കല്‍ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണസംഘത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഖാദി ഉത്പന്നമായ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കോട്ടുകളുടെ ജില്ലാതല വിപണന ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിര്‍വഹിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കലാകേശവന് കോട്ട് നൽകിക്കൊണ്ടാണ് പി ജയരാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല, നേഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഖാദിബോര്‍ഡിന്‍റെ കോട്ട് സംഘം കണ്‍സ്യൂമര്‍ സ്റ്റോര്‍ വഴിയും എം സി എച്ച് കൗണ്ടര്‍ വഴിയും വാങ്ങാവുന്നതാണ്.
സംസ്ഥാന സര്‍ക്കാരിന്‍റെ സംരംഭക വര്‍ഷത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ വഴിയുള്ള അപേക്ഷകര്‍ക്ക് ഖാദിബോര്‍ഡ് പ്രത്യേക പരിഗണന നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി ജയരാജന്‍ പറഞ്ഞു. ഖാദിവസ്ത്രത്തിന്‍റെ പ്രചരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പലവിധത്തിലും സഹായം നല്‍കിയിട്ടുണ്ട്. സ്റ്റോര്‍പര്‍ച്ചേസ് മാനുവലില്‍ ഇളവുവരുത്തിക്കൊണ്ട് ഖാദി ഉത്പന്നങ്ങള്‍ക്ക് ടെണ്ടര്‍ ഇല്ലാതെ ഓര്‍ഡര്‍ നല്‍കാമെന്ന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചതിലൂടെ ഖാദിബോര്‍ഡിന്‍റെ പ്രസക്തി വര്‍ധിച്ചുവെന്ന് പി ജയരാജന്‍ പറഞ്ഞു. ആശുപത്രികളില്‍ ഡോക്ടേഴ്സ് കോട്ട് മാത്രമല്ല, ബെഡ് ഷീറ്റ്, കാക്കിയൂണിഫോം എന്നിവയടക്കം വില്പന നടത്താന്‍ സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ ഇളവുമൂലം സാധിക്കും.
മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണസംഘം പ്രസിഡന്‍റ് രമേഷ് ചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കലാകേശവന്‍, ഖാദിബോര്‍ഡ് സെക്രട്ടറി ഡോ കെ എ രതീഷ്, ജില്ലാ ഓഫീസര്‍ സി മുരുകന്‍ എന്നിവര്‍ സംസാരിച്ചു.
ചിത്രം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മെഡിക്കല്‍ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണസഘത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഖാദി ഉത്പന്നമായ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കോട്ടുകളുടെ ജില്ലാതല വിപണന ഉദ്ഘാടനം ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കലാകേശവന് കോട്ട് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു