തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം പി.ക്യു.എഫ്.എഫ് 22 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലെ പ്രധാന ഐ.ടി കേന്ദ്രങ്ങളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഐ.ടി ജീവനക്കാര്‍ക്കും ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാം. പ്രതിധ്വനി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ (പി.ക്യു.എഫ്.എഫ് 2022) ന്റെ പ്രദര്‍ശനവും പുരസ്‌കാരദാനവും 2022 ഡിസംബറില്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ നടക്കും.
ഐ.ടി ജീവനക്കാര്‍ സംവിധാനം ചെയ്ത 400 ല്‍ പരം ഹ്രസ്വ ചിത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ഷാജി എന്‍ കരുണ്‍, വിനീത് ശ്രീനിവാസന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, ഖാലിദ് റഹ്‌മാന്‍, വിധു വിന്‍സെന്റ്, ജിയോ ബേബി തുടങ്ങിയ പ്രശസ്തരാണ് മുഖ്യാതിഥികളായി കഴിഞ്ഞ വര്‍ഷങ്ങളില്‍ മേളയ്ക്ക് എത്തിയത്. റോസ് മേരി, സജിന്‍ ബാബു, ഷെറി, സനല്‍കുമാര്‍ ശശിധരന്‍, നേമം പുഷ്പരാജ്, ശ്രീബാല കെ മേനോന്‍, വിധു വിന്‍സെന്റ്, വിനു എബ്രഹാം, സുലോചന റാം മോഹന്‍, ഭവാനി ചീരത്, നൂറനാട് രാമചന്ദ്രന്‍, കെ.എ ബീന, സുദേവന്‍, കൃഷ്ണേന്ദു കലേഷ്, കൃഷാന്ത്, അര്‍ച്ചന പദ്മിനി എന്നിവര്‍ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗങ്ങളായും ടെക്നോപാര്‍ക്കിലെത്തി. പ്രശസ്ത സിനിമ നിരൂപകന്‍ എം.എഫ് തോമസ് ആയിരുന്നു ആദ്യത്തെ ഒന്‍പതു വര്‍ഷങ്ങളില്‍ ജൂറി ചെയര്‍മാന്‍. പത്താമത് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ചെയര്‍മാന്‍ കൃഷ്ണേന്ദു കലേഷ് ആയിരുന്നു.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും നല്‍കും. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും. 2022 ഡിസംബര്‍ 5 ആണ് മേളയിലേക്ക് ചിത്രങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി.
രജിസ്‌ട്രേഷന്: http://prathidhwani.org/Qisa22
കൂടുതല്‍ വിവരങ്ങള്‍ക്ക്: മുഹമ്മദ് അനീഷ് (97458 89192), ചൈതന്യന്‍ (99466 08868), പ്യാരേലാല്‍ (85478 72972).