നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റേയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീര്‍ത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനവും 24 ന് (വ്യാഴാഴ്ച) വൈകുന്നേരം 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. സമഗ്ര നീര്‍ത്തട പ്ലാനുകളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളേയും ഏജന്‍സികളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് അടുത്ത വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതി തയ്യാറാക്കുകയാണ് നീരുറവ് പദ്ധതി ലക്ഷ്യമിടുന്നത്.
പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ മുഖ്യ പ്രഭാഷണം നടത്തും. തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ അനുകുമാരി ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് കെ.കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെ ആദരിക്കും. കെ. സുധാകരന്‍ എം.പി ബ്രോഷര്‍ പ്രകാശനവും, ഡോ.വി ശിവദാസന്‍ എം.പി ജലബാലോത്സവം സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പദ്ധതിരേഖ ഏറ്റുവാങ്ങും. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നീരുറവ്- തീം സോങ്ങ് പ്രകാശനം ചെയ്യും. CWRDM എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മനോജ് പി. സാമുവല്‍ നീര്‍ത്തട ഭൂപടങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കും. കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍ സ്വാഗതവും തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. സുരേന്ദ്രന്‍ നന്ദിയും പറയും.