കൊച്ചി: ലഹരിവിരുദ്ധ നാളേക്കായി 'ടെക്കീസ് റണ്‍ എഗൈന്‍സ്റ്റ് ഡ്രഗ്‌സ്' എന്ന പേരില്‍ കൂട്ടയോട്ടവും പ്രതിജ്ഞയും നടത്തി ഐടി ടെക്കികൾ. കൊച്ചി ഇൻഫോപാർക്കുമായി സഹകരിച്ച് സംസ്ഥാന യുവജനക്ഷേമ ബോർഡും ഇന്‍ഫോപാര്‍ക്കിലെ ഐ.ടി ജീവനക്കാരുടെ കൂട്ടായ്മകളായ പ്രോഗ്രസീവ് ടെക്കീസ്, പ്രതിധ്വനിയും സംയുക്തമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. എ.എ റഹീം എം.പി ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തില്‍ നൂറുകണക്കിന് ടെക്കികള്‍ പങ്കെടുത്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ്ചെയര്‍മാന്‍ എസ്. സതീഷ് അധ്യക്ഷത വഹിച്ചു.
സമൂഹത്തെ പ്രായഭേദമന്യേ ഗ്രസിച്ചിരിക്കുന്ന ഒരു പൊതുവിപത്താണ് അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗമെന്ന് എ.എ റഹീം എം പി പറഞ്ഞു. 'ടെക്കീസ് റണ്‍ എഗൈന്‍സ്റ്റ് ഡ്രഗ്‌സ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിശകുകള്‍ തിരിച്ചറിഞ്ഞ് പോരാട്ടത്തിനിറങ്ങാന്‍ യാതൊരു വിധ മടിയുമില്ലാത്ത സമൂഹമാണ് കേരളത്തിലേത്. സംസ്ഥാന യുജവജനക്ഷേമ ബോർഡ് ഇതിനായി നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഇന്‍ഫോപാര്‍ക്കിലെ ടെക്കികളെ അണിനിരത്തിക്കൊണ്ടുള്ള ഈ ബോധവല്‍ക്കരണ യജ്ഞത്തിന് പൂര്‍ണ്ണപിന്തുണ നേരുന്നതായും എംപി പറഞ്ഞു.
തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, അയ്യനാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി എല്‍ദോ, കാർഡിയോളോജിസ്റ് ഡോ. ജോ ജോസഫ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എ.എ റഹീം എം.പി ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം ഇൻഫോപാർക്ക് എക്‌സ്പ്രസ്സ് വേയില്‍ കൂടി 3 കിലോമീറ്ററോളം സഞ്ചരിച്ച് തിരിച്ച് ഇന്‍ഫോപാര്‍ക്ക് ക്യാമ്പസിലെത്തി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് പര്യവസാനിച്ചു.