പത്തനംതിട്ട: ശബരിമല വിമാനത്താവള നിർമ്മാണത്തിന്റെ പ്രാഥമിക നടപടികൾ വീണ്ടും വൈകുന്നു. മണ്ണ് പരിശോധന നീളും. നിർദേശിച്ച സമയത്തിനുള്ളിൽ പരിശോധന പൂർത്തിയാവില്ല. യന്ത്ര സാമഗ്രികൾ കാര്യക്ഷമമല്ലാത്തതാണ് കാരണം. 21 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട പരിശോധനാ ജോലികൾ ഇതുവരെ എങ്ങുമെത്തിയില്ല.
ശബരിമല വിമാനത്താവളത്തിന്റെ റൺവേയുടെ ഉറപ്പ് പരിശോധനയ്ക്കുള്ള മണ്ണിന്റെ സാംപിൾ ശേഖരണം ചെറുവള്ളി എസ്റ്റേറ്റിൽ ആരംഭിച്ചിരുന്നു. മുക്കട ഹുദയത്തുൽ ഇസ്‌ലാം ജമാ അത്ത് പള്ളിക്കു സമീപമാണ് ആദ്യം മണ്ണിന്റെ സാംപിൾ ശേഖരിച്ചു തുടങ്ങിയത്. യന്ത്രസഹായത്തോടെയാണു മണ്ണ് ശേഖരിക്കുന്നത്.
കുഴൽക്കിണറിന്റെ മാതൃകയിൽ കുഴിച്ചാണു മണ്ണുപരിശോധനയ്ക്കുള്ള മണ്ണും പാറയും ശേഖരിക്കുക. സാംപിളുകൾ മുംബൈയിലെ സോയിൽ ആൻഡ് സർവേ കമ്പനിയിലാണു പരിശോധിക്കുക.