November 23, 2024

Login to your account

Username *
Password *
Remember Me

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം: മുഖ്യമന്ത്രി

നെടുമ്പാശേരി: വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവള കമ്പനി ലിമിറ്റഡി(സിയാല്‍)ന്റെ 28-ാം വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടുക്കിയില്‍ നിന്ന് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്. ലോകത്തെ ഒന്നാകെ ഗ്രസിച്ച കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് നാം മടങ്ങിവരികയാണ്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ ലാഭം നേടുന്ന അപൂര്‍വം വിമാനത്താവളങ്ങളില്‍ ഒന്നായി കൊച്ചി മാറിയിട്ടുണ്ട് എന്നത് സന്തോഷകരമാണ്.

സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 418.69 കോടി രൂപ മൊത്തവരുമാനം നേടിയിട്ടുണ്ട്. 217.34 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. തേയ്മാനച്ചെലവ്, നികുതി എന്നിവ കിഴിച്ച് 26.13 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിട്ടുണ്ട്. കോവിഡാനന്തര കാലഘട്ടത്തില്‍ മികച്ച തിരിച്ചുവരവ് കമ്പനി കാഴ്ചവച്ചു. കോവിഡ് പൂര്‍വകാലത്തെ ട്രാഫിക്കിന്റെ 80 ശതമാനത്തോളം തിരികെ പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെതന്നെ മൂന്നാം സ്ഥാനം നേടാന്‍ കൊച്ചിക്ക് കഴിഞ്ഞു. വിമാനത്താവളത്തെയും പരിസര പ്രദേശങ്ങളേയും വെള്ളപ്പൊക്കത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ പ്രവാഹ് പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ 4.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയും കണ്ണൂരിലെ പയ്യന്നൂരില്‍ 12 മൊഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിയും കമ്മിഷന്‍ ചെയ്തു. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന രണ്ടാം ടെര്‍മിനലില്‍ ബിസിനസ് ജെറ്റ് ഓപ്പറേഷന്‍ തുടങ്ങാനുള്ള പദ്ധതിയ്ക്ക് തുടക്കമിടാനും കഴിഞ്ഞിട്ടുണ്ട്.

രണ്ടാം ടെര്‍മിനലിന്റെ ഡിപ്പാര്‍ച്ചര്‍ ഭാഗത്താണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പണികഴിപ്പിക്കുന്നത്. അറൈവല്‍ ഭാഗത്ത് യാത്രക്കാര്‍ക്ക് ഹ്രസ്വകാല താമസത്തിനുള്ള ഹോട്ടല്‍, ലോഞ്ചുകള്‍ എന്നിവയും രണ്ടാംഘട്ടത്തില്‍ നിര്‍മിക്കും. ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയും- മുഖ്യമന്ത്രി പറഞ്ഞു.

സിയാലിന്റെ അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മിനലിന്റെ പണി പുരോഗമിക്കുകയാണ്. 2023 ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യത്തക്കവിധമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ടെര്‍മിനലിനു മുന്‍ഭാഗത്തുള്ള സ്ഥലത്തിന്റെ വാണിജ്യസാധ്യത പരിഗണിച്ച് അവിടെ കാല്‍ ലക്ഷം ചതുരശ്രയടിയില്‍ ഒരു കമേഴ്‌സ്യല്‍ സോണ്‍ നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ട്. നിര്‍മാണത്തിലുള്ള നക്ഷത്ര ഹോട്ടല്‍ 2024 ജനുവരിയില്‍ പ്രവര്‍ത്തന സജ്ജമാകുന്ന വിധത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിയാലിന്റെ അംഗീകൃത മൂലധനം 400 കോടി രൂപയില്‍ നിന്ന് 500 കോടി രൂപയായി വര്‍ധിപ്പിക്കാനുള്ള ഡയറക്ടര്‍ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. സിയാലിന്റെ ഡയറക്ടര്‍മാര്‍ കൂടിയായ മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, ഡയറക്ടര്‍മാരായ ഇ കെ ഭരത് ഭൂഷന്‍, അരുണ സുന്ദര്‍രാജന്‍, ചീഫ് സെക്രട്ടറി വി പി ജോയ്, എന്‍ വി ജോര്‍ജ്, ഇ എം ബാബു, മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ്, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.