തിരുവനന്തപുരം: യാത്രയെഴുത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍ എന്ന വിഷയത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വകലാശാല മലയാളം വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്യവട്ടം കാമ്പസില്‍ ഇന്ന് (തിങ്കളാഴ്‌ച) രാവിലെ 10 മണി മുതല്‍ സെമിനാര്‍ നടക്കും. പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഡോ. സത്യന്‍ എം അധ്യക്ഷത വഹിക്കും. സിണ്ടിക്കേറ്റ് അംഗം ഡോ.എസ്. നസീബ്, കേരള പഠനവിഭാഗം അധ്യക്ഷന്‍ ഡോ.സി.ആര്‍. പ്രസാദ്, കേരള സര്‍വകലാശാല മലയാളവിഭാഗം അധ്യക്ഷ ഡോ. സീമ ജെറോം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് 11 മണിക്ക് ഡാര്‍ക്ക് ടൂറിസം വംശഹത്യകളുടെ യാത്രാഭൂപടങ്ങള്‍ എന്ന സെഷനില്‍
സഞ്ചാരസാഹിത്യകാരന്‍ സജി മാര്‍ക്കോസ്, 12.15 ന് യാത്രാഖ്യാനങ്ങളും ലിംഗവിചാരങ്ങളും സെഷനില്‍ കേരള സർവകലാശാല മനശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. റ്റിസി മറിയം തോമസ്, 2 മണിക്ക് കാഴ്ചയും നോട്ടവും: യാത്രയുടെ രാഷ്ട്രീയശരിദൂരങ്ങൾ സെഷനില്‍ സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി പഠനകേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം. സി. അബദുല്‍ നാസര്‍, 3.15 ന് യാത്രയിലെ പെണ്‍കര്‍തൃത്വങ്ങള്‍ എന്ന സെഷനില്‍ ഡോ. കെ.പി.ഷാഹിന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും. ഡോ.കെ.കെ. ശിവദാസ്, ഡോ. എം. എ. സിദ്ദീക്ക്, ഡോ.ടി.കെ. സന്തോഷ്‌കുമാര്‍, ഡോ.ഷീബ എം.കുര്യന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരാകും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആഫ്രിക്കന്‍ യാത്രകളുടെ സാംസ്‌കാരിക ദൂരങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ. എ. കെ. അബദുല്‍ ഹക്കീം സെമിനാര്‍ ക്രോഡീകരണം നടത്തി സംസാരിക്കും.