തിരുവനന്തപുരം: പണാധിപത്യത്തിന്റെ പഴയകാല രൂപത്തില്‍ നിന്നും മാറി വിജ്ഞാന മൂലധനത്തിലേക്ക് കേരളം മാറുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മുന്‍മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എഴുത്തുകാരനും അധ്യാപകനുമായ ഡോ. എ. കെ. അബദുല്‍ഹക്കീം രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ആഫ്രിക്കന്‍ യാത്രകളുടെ സാംസ്‌കാരികദൂരങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ പുസ്തകം ഏറ്റുവാങ്ങി.
ഏത് രാജ്യത്തെ കുറിച്ച് എഴുതിയാലും കേരളത്തിൽ കാലുറപ്പിച്ചാണ് മലയാളി എഴുതുകയെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മനുഷ്യന്റെ ബോധമനസ്സ് അനുസ്യൂതം നവീകരിക്കപ്പെടുന്നതാണ്. കേരളത്തെയും കേരളത്തിന്റെ പ്രകൃതിയുടെ ആകര്‍ഷണത്തെയും ഒഴിവാക്കാനാവില്ല. അമ്പത് വര്‍ഷം മുമ്പ് എസ്.കെ.പൊറ്റെക്കാട്ട് എഴുതിയ കാര്യങ്ങളല്ല ഇന്ന് ആഫ്രിക്കയിലേക്ക് ആരെങ്കിലും യാത്രചെയ്യുമ്പോള്‍ എഴുതുക. കേരളത്തിന്റെ സാമൂഹികജീവിതത്തില്‍ ഏറെ മാറ്റമുണ്ടായിരിക്കുകയാണ്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുമാത്രമേ എഴുതാന്‍ സാധിക്കുള്ളൂ. ആഫ്രിക്കയെ പറ്റിയാവട്ടെ, അമേരിക്കയെ പറ്റിയാവട്ടെ എഴുതുമ്പോൾ കേരളത്തെ പറ്റി എഴുതാതെ നമുക്ക് കടന്നു പോകാനാവില്ല. യാത്രയുടെ സാംസ്കാരിക ഭൂപടം, സാംസ്കാരിക അടിത്തറ എന്നിവ അനുനിമിഷം മാറുകയാണ്. പൊറ്റെക്കാട്ട് കണ്ട അഫ്രിക്കയല്ല, സക്കറിയ കണ്ടത്, സക്കറിയ കണ്ട ആഫ്രിക്കയും ഹക്കീം കണ്ട ആഫ്രിക്കയും വേറിട്ടതാണ്. രണ്ട് പതിറ്റാണ്ട് അപ്പുറം കേരളത്തിൽ നിന്ന് ആഫ്രിക്കയിലേക്ക് യാത്ര പോകുമ്പോൾ പുതിയ സാംസ്കാരിക മാപിനികൾ ഉപയോഗിക്കേണ്ടതായി വരും. ലോകവും കേരളവും അത്ര കണ്ട് അനുനുമിഷം മാറുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്. 64006 കുടുംബങ്ങള്‍ മാത്രമേ അതിദരിദ്രരായി കേരളത്തില്‍ ഉള്ളൂ. അവരുടെയും ദാരിദ്ര്യം 4 വര്‍ഷം കൊണ്ട് മാറ്റിയെടുക്കും. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയോടെ ജീവിക്കാന്‍ സാധിക്കുന്ന സംസ്ഥാനം കേരളമാണ്. അമര്‍ത്യസെന്‍ പറഞ്ഞ കേരള മോഡല്‍ അതാണ്. ഇനി കേരളം വിജ്ഞാന സമൂഹമാകും. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ട്‌അപ്പുകളുടെ കേന്ദ്രം കേരളമാണ്. ഇതിന്റെ എണ്ണം ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുദ്ധേശ്യവുമില്ലാതെ യാത്രചെയ്യുകയെന്നത് മലയാളിക്ക് പരിചിതമല്ലാത്ത അനുഭവമാണെന്ന് ബെന്യാമിന്‍ പറഞ്ഞു. യാത്രയുടെ സാംസ്കാരിക-രാഷ്ട്രീയ അനുഭവം കണ്ടെത്തുകയെന്നത് പുതിയ പ്രവണതയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് യാത്രാവിവരണ ഗ്രന്ഥങ്ങള്‍ക്കാണ്. മലയാളി പൂർണ്ണമായ അർത്ഥത്തിൽ യാത്രചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആകുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം പ്രസ്സ്ക്ലബിലെ ടി.എന്‍.ജി ഹാളില്‍ നടന്ന പരിപാടിയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം അധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി പഠനകേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം. സി. അബദുല്‍ നാസര്‍ പുസ്തകം പരിചയപ്പെടുത്തി. മുന്‍ എം.പി. ഡോ. എ. സമ്പത്ത്, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ്, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. സുപ്രിയ ആര്‍, സഞ്ചാര സാഹിത്യകാരന്‍ സജി മാര്‍ക്കോസ്, ഗ്രന്ഥകാരന്‍ ഡോ. എ. കെ. അബദുല്‍ഹക്കീം എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ് സ്വാഗതവും പുസ്തകത്തിന്റെ എഡിറ്റര്‍ എം. യു. പ്രവീണ്‍ നന്ദിയും പറഞ്ഞു.