തിരുവനന്തപുരം: അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകാൻ സാങ്കേതികത്വം തടസ്സമാകരുതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. ദേശീയ എൻജിനിയേഴ്സ് ദിനമായ വ്യാഴാഴ്ച തദ്ദേശ വകുപ്പ് എൻജിനിയറിങ് വിഭാഗം രൂപീകൃതമായതിന്റെ 20–-ാം വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രത്തെത്തന്നെ കെട്ടിപ്പടുക്കുന്നവരാണ് എൻജിനിയർമാർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കെട്ടിടങ്ങളും റോഡുകളും തദ്ദേശ വകുപ്പ് എൻജിനിയറിങ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഈ വിഭാഗം എത്ര നിർണായകമാണെന്ന് ഇതിൽനിന്നറിയാം. നേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം സ്വയംവിമർശത്തിനും തയ്യാറാകണം. എല്ലാവരും ആത്മാർഥതയോടെ ജോലിയെടുക്കുമ്പോൾ ഒരുവിഭാഗം അഴിമതിക്കും കാരണക്കാരാകാറുണ്ട്. അത്തരക്കാർക്കെതിരെ മുഖംനോക്കാതെ ക്രിമിനൽ നടപടികളും സർവീസ് നടപടികളും സ്വീകരിക്കും–-മന്ത്രി പറഞ്ഞു.
എൻജിനിയറിങ് ദിനാഘോഷ ഭാഗമായി ‘ദർശൻ' എന്നപേരിൽ നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച എൻജിനിയർമാരെ മന്ത്രി ആദരിച്ചു. വകുപ്പ് റൂറൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷയായി. ചീഫ് എൻജിനിയർ കെ ജോൺസൺ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, നഗര വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ തുടങ്ങിയവരും പങ്കെടുത്തു.