തിരുവനന്തപുരം: സയൻസ് പാർക്കിന് കേരള സർവ്വകലാശാലയുടെ 15 ഏക്കർ ഭൂമി വിട്ടുനൽകാൻ സിൻഡിക്കേറ്റ് എടുത്ത തീരുമാനം പിൻവലിക്കണം എന്ന് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ക്യാമ്പസ് ഭൂമി മേലിൽ മറ്റൊരാവശ്യത്തിനും വിട്ട് നൽകരുതെന്ന സെനറ്റ് തീരുമാനത്തിന്റെ ലംഘനമാണിത്. പുതുതായി നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കോളേജ് അഫിലിയേഷൻ നിർത്തലാക്കുകയും ബിരുദകോഴ്സുകൾ കൂടി യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ആരംഭിക്കുകയും ചെയ്യുന്നതോടെ ക്യാമ്പസുകളിൽ കൂടുതൽ വികസന സൗകര്യം വേണ്ടിവരും, അത്തരം സാഹചര്യത്തിൽ ഭൂമി നൽകുന്നത് സർവ്വകലാശാലയുടെ വികസനത്തിന് തടസ്സമാകുമെന്നതിൽ സംശയമില്ല. പകരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പാട്ട കുടിശികയായ 9 കോടി രൂപ തിരിച്ചു പിടിക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിലാക്കണം. യൂണിവേഴ്സിറ്റിയിൽ ഒരു സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി മുഴുവൻ ഭൂമിയും വിദ്യാഭ്യാസ ഗവേഷണത്തിന് ഉപകരിക്കത്തക്ക നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും കെ.യു.ടി.ഒ ആവശ്യപെടുന്നു. നാക് എ പ്ലസ് പ്ലസ് ഗ്രേഡ് കിട്ടിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിനായി നല്ല നല്ല പ്രോജക്ടുകൾ സമർപ്പിച്ച് കുട്ടികളുടെ ഹോസ്റ്റൽ സൗകര്യം വർദ്ദിപ്പിക്കുന്നതിനായി ആവശ്യമായ ഹോസ്റ്റലുകൾ കൂടി നിർമ്മിക്കുന്നതിന് സർവകലാശാല മുൻകൈ എടുക്കണമെന്ന് ആവശ്യപെടുന്നു.