പാചകത്തൊഴിലാളികൾക്ക് ശമ്പള ഗഡുവും ഉത്സവ ബത്തയും അനുവദിച്ച് സംസ്ഥാന സർക്കാർ. ഓഗസ്റ്റ് മാസത്തിൽ ഒരു പാചകതൊഴിലാളിക്ക് 6000/രൂപ വീതമാണ് അനുവദിച്ചത്. അത് പ്രകാരം 8.25 കോടി രൂപ ഈ മാസം വിതരണം ചെയ്തതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കൂടാതെ പാചക തൊഴിലാളികൾക്കുള്ള ഫെസ്റ്റിവൽ അലവൻസായ1300 രൂപ വീതവും വിതരണം ചെയ്തു. ഈ ഇനത്തിൽ 1കോടി 78ലക്ഷം രൂപയാണ് ചിലവഴിച്ചത്.
സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 13,766 പാചകത്തൊഴിലാളികൾ ജോലി ചെയ്ത് വരുന്നു. ഇവർക്ക് വേതനം നൽകുന്നതിനായി ഒരു മാസം ഏകദേശം 17.5 കോടി രൂപയോളം ആവശ്യമുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിച്ചു നൽകേണ്ട ഈ തുകയിൽ 2021-22അധ്യയന വർഷം രണ്ടാം പാദം മുതൽ കേന്ദ്ര വിഹിതം അനുവദിച്ചിട്ടില്ല. പാചക തൊഴിലാളികളുടെ വേതനം ലഭ്യമാക്കുക എന്ന വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് 2022 ജൂൺ, ജൂലൈ മാസങ്ങളിൽ ശമ്പളം നൽകിയതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.