തിരുവനന്തപുരം: കശ്മീർ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയ മഹിമയെ അവഹേളിക്കൽ നിയമപ്രകാരമാണ് കേസ്. IPC 153 (B) സെഷൻ 2 പ്രകാരമാണ് കേസ്. കീഴ്‌വായ്പൂർ പൊലീസാണ് കേസിൽ എഫ്‌ഐആർ ഇട്ടത്.
കെ.ടി ജലീൽ ഇന്ത്യൻ പൗരനായിരിക്കെ രാജ്യത്ത് നിലവിലുള്ള ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി ഓഗസറ്റ് 13ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള ജമ്മു കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽ രാജ്യമായ പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈയടക്കി വച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും പ്രകോപനപരമായി വിശേഷിപ്പിച്ച് ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിച്ച് പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.
ഇന്നലെയാണ് ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുന്നത്. ആർഎസ്എസ് നേതാവായ അരുൺ മോഹൻ നൽകിയ ഹർജിയിലാണ് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.