തിരുവനന്തപുരം: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 150 ആണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 58ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'മാറുന്ന ലോകം, മാറുന്ന മാധ്യമങ്ങള്‍' മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു സ്പീക്കര്‍.
ലോക തലത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചിക സംബന്ധിച്ച വാര്‍ത്ത പോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ തമസ്‌കരിച്ചുവെന്നത് രാജ്യത്തെ മാധ്യമങ്ങളുടെ നിസ്സാഹയാവസ്ഥയാണ് വ്യക്തമാകുന്നത്. മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ ഭയപ്പെടുന്നു. ഭരണ കൂടങ്ങളുടെ അപ്രീതിക്കിരയായാല്‍ മാധ്യമ പ്രവര്‍ത്തകരുടെയും . ഉടമകളുടെയും വീട്ടുപടിക്കല്‍ തോക്കേന്തിയ അക്രമികള്‍ മുതല്‍ അന്വേഷണ ഏജന്‍സികള്‍ വരെ എത്തുകയാണ്. ഗൗരി ലങ്കേഷ് മുതല്‍ മുഹമ്മദ് സുബൈര്‍ വരെയുള്ളവരുടെ അനുഭവങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
ഇതോടാപ്പം മാധ്യമ മേഖല മൂലധനാധിഷ്ഠിത വ്യവസ്ഥയിലേക്ക് മാറിയതോടെ വാര്‍ത്തകള്‍ ചരക്കായി മാറി. സാമൂഹിക പ്രതിബദ്ധതയുള്ള ദേശീയ വാര്‍ത്തകളെ അവഗണിക്കുക, പ്രധാന വിഷയങ്ങളെ ലളിതവത്കരിക്കുക, അപ്രധാന വിഷയങ്ങളെ പര്‍വതീകരിക്കുക തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ കണ്ടുവരുന്നു. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആരോഗ്യകരമായ മാധ്യമ സംസ്‌കാരം അനിവാര്യമാണെന്നും സ്പീക്കര്‍ ചുണ്ടിക്കാട്ടി. ആര്‍ ജയപ്രസാദ് അധ്യക്ഷത വഹിച്ചു. ജേക്കബ് ജോര്‍ജ് മോഡറേറ്ററായി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സണ്ണിക്കുട്ടി എബ്രഹാം, ഹരി എസ് കര്‍ത്ത എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സുരേഷ് വെള്ളിമംഗലം സ്വാഗതവും ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍ നന്ദിയും പറഞ്ഞു.