ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിന് പിന്നാലെ കോൺഗ്രസിന്റെ പോഷക സംഘടനകളിലും പുനഃസംഘടനാ ചർച്ചകൾ പുരോഗമിച്ച് വരികയാണ്. വിവാഹിതരായവരെ വിദ്യാർത്ഥി സംഘടനാ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പുനഃ സംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാൻ ചേർന്ന യോഗത്തിൽ ഉയർന്നു വന്നിരുന്നെങ്കിലും ഈ നിബന്ധനയിലും ഇളവ് അനുവദിച്ചേക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. വിവാഹം സംബന്ധിച്ച് നിലവിലെ സ്ഥിതി മാത്രമാണ് പരിഗണിക്കേണ്ടത് എന്നും ഭാരവാഹി ആയി വളരെക്കുറച്ച് നാളുകൾക്കുള്ളിൽ വിവാഹം നിശ്ചയിച്ചവർക്കും പുനഃസംഘടനാ സമയത്ത് വിവാഹ മോചനം നേടിയവർക്കും ഭാരവാഹി ആകുന്നതിൽ ഈ നിബന്ധന ബാധകമാക്കേണ്ടതില്ല എന്നാണ് സംസ്ഥാന അധ്യക്ഷന്റെ നിലപാട്.ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കുന്ന ഭൂരിഭാഗം പേരും വിവാഹം എന്ന മാനദണ്ഡത്തിൽ തട്ടി ഒഴിവാകുമ്പോൾ തന്റെ അടുപ്പക്കാരെ ഏത് വിധേനയും ഉൾപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് മേൽപ്പറഞ്ഞ തരത്തിലുള്ള ഇളവുകൾ സംബന്ധിച്ച് അദ്ദേഹം മുൻകൈ എടുക്കുന്നത് എന്നാണ് സൂചന. വിവാഹിതരായ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെടുന്നവർക്ക് ഭാര്യയെ ഉപേക്ഷിച്ചാൽ ഭാരവാഹിയാകാം എന്ന വിചിത്രമായ അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്.ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് പോലും യാതൊരു തടസ്സവുമില്ലാതെ ഭാരവാഹിയാകാൻ അനുവദിക്കുമ്പോൾ ആണ് വിവാഹിതരായവരുടെ കാര്യത്തിൽ ഈ കടുംപിടുത്തം. കോൺഗ്രസ് നേതൃത്വവുമായി ആലോചിക്കാതെ ഭാരവാഹിപട്ടിക പ്രഖ്യാപിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിബന്ധനകളുടെ പേരിലുള്ള അസ്വാരസ്യങ്ങൾ സംഘടനയിൽ ഉയരുന്നത്.