നിയമപ്രകാരമുള്ള എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി
കടൽക്ഷോഭം നേരിടുന്ന തിരുവനന്തപുരം ശംഖുമുഖം, വെട്ടുകാട് പ്രദേശങ്ങൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. 70 കുടുംബങ്ങൾ ആണ് നിലവിൽ കടൽക്ഷോഭ കേന്ദ്രങ്ങളിൽ ഉള്ളത്. ഇവരെ താത്കാലികമായി പുനരധിവിപ്പിക്കാനുള്ള സംവിധാനങ്ങൾ തയ്യാറാണ്. കടൽക്ഷോഭം ഉള്ള പ്രദേശങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള കാര്യങ്ങൾ ആരായുകയാണ്. പൂന്തുറയിലെ ജിയോ ട്യൂബ് മാതൃക ഇവിടെയും പരീക്ഷിക്കാനാവുമോ എന്ന് പരിശോധിക്കുകയാണ്.
കടൽ ഭിത്തി നിർമാണം പൂർത്തിയാക്കേണ്ട മേഖലകൾ തിരിച്ചറിഞ്ഞ് അതിനുള്ള സാധ്യതകൾ വിലയിരുത്തും. ആളുകളെ മാറിത്താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ അതിനുള്ള സംവിധാനം സജ്ജമാക്കും.
കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കാനുള്ള സാധ്യതകളും പരിഗണനയിലുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.വെട്ടുകാട് കൗൺസിലർ ക്ലൈനസ് റോസാരിയോവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.