തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന അടൂരിന് തിരുവനന്തപുരം പ്രസ്‌ക്ലബ് നല്‍കിയ സ്വയംവരം - കഥാപുരുഷന്റെ കൊടിയേറ്റം കണ്ട അരനൂറ്റാണ്ട് എന്ന ആദരചടങ്ങ് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. പാരമ്പര്യസിനിമാ രീതിയില്‍ നിന്നുമാറി അടൂര്‍ സൃഷ്ടിച്ച നവപ്രസ്ഥാനത്തിന് ആധികാരികമായ വിലയിരുത്തല്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്തുതിപാഠകരല്ല വിമര്‍ശകരാണ് വേണ്ടത്. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം മനുഷ്യബന്ധങ്ങളെ ബാധിക്കരുത്. എതിര്‍ക്കുന്നവരെ മാനിക്കാന്‍ പഠിക്കുന്നതാണ് ജനാധിപത്യത്തിന്റെ ധര്‍മമെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
എം.ടി അക്ഷരസ്വരൂപവും അടൂര്‍ ദര്‍ശനസ്വരൂപവുമാണെന്ന് കവി പ്രൊഫ.വി. മധുസൂദനന്‍നായര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഉള്ളില്‍ സമ്പൂര്‍ണ മലയാളിയായ ഒരു വിസ്മയപുരുഷനുണ്ട്. മലയാളത്തിന്റെ ഉന്നമനത്തിനായി ഉറക്കമിളയ്ക്കുന്ന അടൂരിനെ ഗുരുവായി കാണുന്നുവെന്നും മധുസൂദനന്‍നായര്‍ പറഞ്ഞു.
കാരണമറിയില്ലെങ്കിലും ജീവിതത്തില്‍ ഒരുപാട് ശത്രുത നേടിയിട്ടുള്ളയാളാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. അവാര്‍ഡ് കിട്ടുമ്പോഴാണ് എതിര്‍പ്പ് പ്രത്യക്ഷമാകുന്നത്. കോണ്‍ഗ്രസുകാര്‍ ശത്രുവായി അടയാളപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ അങ്ങനെയല്ല. ശത്രുത എന്നെ കൂടുതല്‍ ബലവാനാക്കുമെന്നും അടൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പ്രതിരോധം നേരിട്ടാണ് സിനിമയെടുക്കുന്നത്. ചിലപ്പോള്‍ കേരളത്തിലല്ലെങ്കില്‍ ഡല്‍ഹിയില്‍ അവാര്‍ഡ് കിട്ടും. ഇപ്പോള്‍ ഡല്‍ഹിയിലും കിട്ടുകയില്ല. സിനിമാസംബന്ധമായ കേന്ദ്രസര്‍ക്കാരിന്റെ ചില തീരുമാനങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. അടൂരിനെ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശമാണ് ഉണ്ടായത്. സിനിമാരംഗത്ത് ജീവിക്കുന്ന വ്യക്തി സിനിമയെക്കുറിച്ചാണ് പറയുന്നതെന്ന് കരുതുന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ തീരുമാനം നടപ്പാക്കുന്നതല്ല ജനാധിപത്യം. പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കാക്കണം. സിനിമ വളരെ മോശമായ അവസ്ഥയിലാണ്. ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ സര്‍ഗാത്മക പ്രതിസന്ധിയിലാകും. അടുത്ത സിനിമ ഉണ്ടോയെന്ന് അറിയില്ലെന്നും അടൂര്‍ പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പിരപ്പന്‍കോട് മുരളി, എം.എല്‍.എമാരായ ഡോ.എം.കെ.മുനീര്‍, പി.സി. വിഷ്ണുനാഥ്, ജോര്‍ണലിസം ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ സിബി കാട്ടാമ്പള്ളി, പ്രസ് ക്ലബ് ഭാരവാഹികളായ എച്ച്. ഹണി, ടി.ബി. ലാൽ, ലക്ഷ്മി മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.