മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ചുമട്ടുതൊഴിൽ മേഖലയെ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആധുനിക യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിന്റെ വൈദഗ്ദ്ധ്യ കുറവ് മൂലം ചുമട്ടു തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടു പോകുവാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആധുനിക യന്ത്ര സാമഗ്രികളും അനുബന്ധ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനു ആവശ്യമായ പരിശീലനവും അറിവും തൊഴിലാളികൾക്ക് നൽകാൻ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്കുള്ള പഠനോപകരണങ്ങളുടെയും ലാപ്‌ടോപ്പിന്റെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചുമട്ടു തൊഴിൽ രംഗത്ത് മുമ്പ് പരാതികളും ആക്ഷേപങ്ങളും ഇപ്പോൾ വിരളമാണെന്നും ഈ രംഗത്തെ അനാരോഗ്യ പ്രവണതകൾ തീർ്ത്തും ഇല്ലാതാക്കാൻ തൊഴിൽ വകുപ്പ് നിരന്തര ഇടപെടലുകൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി പുതുതായി പുറത്തിറക്കിയ തൊഴിൽ സേവാ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ചുമട്ടു തൊഴിൽ സംബന്ധിച്ച പരാതികൾ നൽകാനുള്ള സൗകര്യം ആപ്പിൽ ലഭ്യമാണ്. ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന് എസ്.എം.എസ്. അലർട്ടായി ലഭിക്കുന്ന പരാതിയിൽ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് മാഹാമാരി പോലെയുള്ള ദുരന്തസമയങ്ങളിലെല്ലാം തൊഴിലാളി സമൂഹം കാഴ്ചവെച്ച സേവനം കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്നല്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗതവകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ സമഗ്രവികസനത്തിന് എന്നും ഒപ്പം നിൽക്കുന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡ് സംസ്ഥാനത്തെ മികച്ച ക്ഷേമനിധി ബോർഡുകളിലൊന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ അൺ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും സർക്കാർ മെഡിക്കൽ എൻജിനീയറിംഗ് കോളജുകളിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടിയ അർഹരായ കുട്ടികൾക്കുള്ള ലാപ്ടോപ്പുകളും തൊഴിൽ മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ എളമരം കരീം എം പി, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ, ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.അഡി ലേബർ കമ്മിഷണറും ബോർഡ് ചീഫ് എക്സിക്യൂട്ടീവുമായ കെ ശ്രീലാൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ,തൊഴിലുടമ പ്രതിനിധികൾ,ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.