തിരുവനന്തപുരം: അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. നാളെ ആറ് ജില്ലകളിലും മറ്റന്നാള്‍ ഒമ്പത് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
മണ്‍സൂണ്‍ പാത്തി കൂടുതല്‍ തെക്കോട്ട് നീങ്ങിയതും, ജാര്‍ഖണ്ഡിന് മുകളിലെ ന്യൂന മര്‍ദ്ദവുമാണ് മഴ ശക്തമാകാന്‍ കാരണം. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. തൃശ്ശൂര്‍ തൃക്കൂരില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വേപ്പൂര്‍ വേലായുധന്‍റെ വീടാണ് തകര്‍ന്നത്. ഇടുക്കി പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. കോട്ടയം പൊന്‍പള്ളിക്ക് സമീപം വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കൊല്ലം പുനലൂര്‍നെല്ലിപ്പള്ളിയില്‍റോഡിന്‍റെ നിര്‍മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നു.