November 23, 2024

Login to your account

Username *
Password *
Remember Me

പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്: മന്ത്രി വീണാ ജോര്‍ജ്

Clean street food hub in major cities: Minister Veena George Clean street food hub in major cities: Minister Veena George
തിരുവനന്തപുരം: 'സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി കോഴിക്കോട്, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കാന്‍ തെരഞ്ഞെടുത്തത്. കാസര്‍ഗോഡ് ജില്ലയില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ഫൈനല്‍ ഓഡിറ്റ് നടത്തിയിരുന്നു. തളങ്കര ഹാര്‍ബര്‍ മലബാര്‍ വാര്‍ട്ടര്‍ സ്‌പോര്‍ട്‌സ് സ്ട്രീറ്റ് ഫുഡിലാണ് ഇത് നടപ്പിലാക്കിയത്. ഇത് സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ്. ഇതിലൂടെ വഴിയോര ഭക്ഷണങ്ങള്‍ സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തട്ടുകടകള്‍, ചെറിയ ഭക്ഷണ ശാലകള്‍ എന്നിവയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പരിധിയില്‍ വരുന്നത്. 20 മുതല്‍ 50 വരെ ചെറുകടകളുള്ള സ്ഥലങ്ങള്‍ കണക്കാക്കിയാണ് ക്ലസ്റ്ററായി തിരിക്കുന്നത്. ഇവടങ്ങളിലെ കടകളില്‍ വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് മതിയായ പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കുന്നതാണ്.
പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളിലാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആ ക്ലസ്റ്ററില്‍ പ്രീ ഓഡിറ്റ് നടത്തുന്നു. നിലവിലെ കടകളിലെ സൗകര്യം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇതോടൊപ്പം കടകളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനവും നല്‍കുന്നു. കെട്ടിടം, വസ്ത്രം, പാത്രം, ശുചിത്വം തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. എഫ്.എസ്.എസ്.എ.ഐ.യുടെ നേതൃത്വത്തിലാണ് ഫൈനല്‍ ഓഡിറ്റ് നടത്തുന്നത്. ഈ ഫൈനല്‍ ഓഡിറ്റിന് ശേഷം സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതാണ്. ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള സര്‍ട്ടിഫിക്കേഷനാണ് നല്‍കുന്നത്.
ഇതുകൂടാതെ ഓപ്പറേഷന്‍ മത്സ്യ, ജാഗറി, ജ്യൂസ്, ഷവര്‍മ എന്നിവയുടെ ഭാഗമായുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. സംസ്ഥാന വ്യാപകമായി ഇതുവരെ 6102 പരിശോധനകളാണ് നടത്തിയത്. 400 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1864 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 436 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 5937 പരിശോധനകള്‍ നടത്തി. 13,057 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ചു. 139 പേര്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 1284 പരിശോധനകള്‍ നടത്തി. 20 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 1757 ജൂസ് കടകള്‍ പരിശോധിച്ചു. 1008 കവര്‍ കേടായ പാലും 88 കിലോഗ്രാം മറ്റ് കേടായ ഭക്ഷ്യ വസ്തുക്കളും നശിപ്പിച്ചു. പഴകിയ എണ്ണ കണ്ടെത്താന്‍ 525 പരിശോധനകള്‍ നടത്തി. 96 ലിറ്റര്‍ പഴകിയ എണ്ണ നശിപ്പിച്ചു. 13 പേര്‍ക്ക് നോട്ടീസ് നല്‍കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.