കേന്ദ്ര ലേബർ കോഡുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ചട്ട രൂപീകരണത്തിന്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാല ഇന്ന് (02.07.2022) തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ രാവിലെ 10 മണി മുതൽ നടക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
ചട്ട രൂപീകരണത്തിനായി വിവിധ തലങ്ങളിൽ നിന്ന് ശേഖരിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തൊഴിലുടമ, തൊഴിലാളി സംഘടനാ പ്രതിനിധികൾ,നിയമ വിദഗ്ധർ എന്നിവർ വിലയിരുത്തും.
ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അതിഥി പോർട്ട ലിന്റെയും തൊഴിൽ സേവ ആപ്പിന്റെയും ഉദ്ഘാടനവും തൊഴിൽ മന്ത്രി നിർവഹിക്കും.
സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി തൊഴിൽ വകുപ്പ് വികസിപ്പിച്ചെടുത്തതാണ് അതിഥി പോർട്ടൽ. ചുമട്ടു തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾക്ക് സത്വര പരിഹാരം ലക്ഷ്യമിട്ടാണ് തൊഴിൽ സേവാ ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കയറ്റിറക്ക് കൂലി സംബന്ധമായ എല്ലാ വിശദാംശങ്ങളും ചുമട്ടുതൊഴിൽ സംബന്ധമായ പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനവും ഈ ആപ്പിൽ ലഭ്യമാണ്
വൈകുന്നേരം നാലിന് നടക്കുന്ന സമാപന ചടങ്ങിൽ ശില്പശാലയിൽ ഒരുത്തിരിയുന്ന അഭിപ്രായങ്ങളെ ക്രോഡീകരിച്ച് പാർലമെന്ററി ലേബർ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എളമരം കരീം എംപി സംസാരിക്കും..
ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ടിവി അനുപമ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, തൊഴിലാളി സംഘടന,തൊഴിലുടമ പ്രതിനിധികൾ, നിയമ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.