തിരുവനന്തപുരം: സമൂഹത്തിന്റെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ കണ്ടറിഞ്ഞ് ആവശ്യക്കാരാണെന്ന് ഉറപ്പാക്കി അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമ്പോഴാണ് സാമൂഹിക പുരോഗതി സാധ്യമാകുകയെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. സംസ്ഥാനത്തെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ആദിവാസി സമൂഹത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസവും മാര്‍ഗനിര്‍ദേശ പിന്തുണയും നല്‍കുന്ന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഠനോപകരണങ്ങളും പഠന സഹായത്തിനുമപ്പുറം കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ കഴിയും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടതെന്നും അതുവഴി മാത്രമേ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഈ രീതിയിലാണ് പാലക്കാട് ജില്ലയില്‍ നിന്നുള്ള നൂറ് വിദ്യാര്‍ഥികളെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലേക്ക് ക്ഷണിച്ച് അവര്‍ക്കാവശ്യമായ പിന്തുണയും സഹായവും ജിടെക് നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള ഗവണ്‍മെന്റിന്റെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റും ജിടെക് അംഗമായ സിഞ്ച് ബിസിനസ് സൊല്യൂഷന്‍സും പദ്മ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടെക്‌നോപാര്‍ക്ക് മലബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി, ജിടെക് കമ്യൂണിറ്റി ഔട്ട്‌റീച്ച് ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ റോണി സെബാസ്റ്റിയന്‍, ജിടെക് സി.ഇ.ഒ വിഷ്ണു വി. നായര്‍, ഐട്രെയ്റ്റ്സ് ഐ.ടി സൊല്യൂഷന്‍സ് സി.ഇ.ഒ ടിജി തങ്കച്ചന്‍, ഫിനാസ്ട്ര സീനിയര്‍ ഡയറക്ടര്‍ സുനില്‍ പ്ലാവിയന്‍സ്, എ.ആര്‍.എസ് ടി ആന്‍ഡ് ടി.ടി എം.ഡി മനേഷ്, സിഞ്ച് ബിസിനസ് സൊല്യൂഷന്‍സ് ഡയറക്ടര്‍ ബൈശാഖ് ഭാസി, കെന്നഡീസ് ഐ.ക്യു സി.ഇ.ഒ ടോണി ജോസഫ്, പെര്‍ഫോമാട്രിക്‌സ് സി.ഇ.ഒ ഹരീഷ് മോഹന്‍, ഇ.വൈ സി.എസ്.ആര്‍ ഹെഡ് മരിയ ഉമ്മന്‍, സൈന്റിഫിക് വിഷന്‍ ഡയറക്ടര്‍ ജോസഫ് വര്‍ഗീസ്, പദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിഷ്ണു പി, തുടങ്ങിയവര്‍ സംസാരിച്ചു.