കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പാർട്ടി നേതാവും തിരുവനന്തപുരം എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഒരു നിർദ്ദേശം നൽകിയിരുന്നുവെങ്കിൽ തിരുവല്ലം ടോൾപിരിവ് പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. മന്ത്രി എന്ന നിലയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രശ്നം ചൂണ്ടിക്കാട്ടി താൻ കത്ത് നൽകിയിട്ടുണ്ട്. പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടിയും തന്നു. പാർലമെന്റ് അംഗമെന്ന നിലയ്ക്ക് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ശശി തരൂർ എം പി ശ്രമിക്കേണ്ടതായിരുന്നു.
മലയാളി കേന്ദ്രമന്ത്രി വി മുരളീധരനും സമരത്തിന് ആധാരമായ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാവില്ല. ദേശീയപാത സംബന്ധിച്ച നയപരമായ തീരുമാനം കേന്ദ്രസർക്കാർ ആണ് എടുക്കേണ്ടത്. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശിതരൂരിന് ഇടപെടാമായിരുന്നു. ഇക്കാര്യത്തിൽ മാത്രമല്ല തിരുവനന്തപുരം പാർലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും ശശിതരൂരിന്റെ സാന്നിധ്യമോ ശ്രദ്ധയോ ഉണ്ടാകാറില്ല. ഇതിനു പരിഹാരം കാണാനുള്ള നിർദ്ദേശവും കെപിസിസി പ്രസിഡണ്ട് എംപിക്ക് നൽകണം.
റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പാണ് തിരുവല്ലത്ത് ടോൾപിരിവ് ആരംഭിച്ചിട്ടുള്ളത്. സർവീസ് റോഡുകളും പൂർത്തീകരിച്ചിട്ടില്ല. കൃത്യമായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് മഴപെയ്താൽ പരിസരത്ത് വെള്ളക്കെട്ടാണ്. ഇതൊന്നും തിരുവനന്തപുരം എംപി അറിഞ്ഞമട്ടില്ല എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.