തിരുവനന്തപുരം: സാമ്പത്തിക വിഷയങ്ങളിലും മൂലധന വിപണിയിലുമുള്ള അവസരങ്ങളെക്കുറിച്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ഓരോ പൗരനും മനസ്സിലാക്കേണ്ടത് സമൂഹത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോ
ത് ഖോസ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ സംഘടിക്കുന്ന ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ധനമന്ത്രാലയത്തിനു കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പ് (ദീപം) സംഘടിപ്പിച്ച ‘മൂലധന വിപണയിലൂടെ സമ്പത്ത് സൃഷ്ടിക്കാം’ എന്ന വിഷയത്തിൽ അധ്യക്ഷത വഹിച്ചു വള്ളക്കടവ് അറഫാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
സാമ്പത്തിക സാക്ഷരതയിൽ വിദ്യാർത്ഥികൾ അറിവ് നേടുന്നത് അവരുടെ ഭാവി ജീവിതത്തിനും അത് വഴി സമൂഹത്തിനും വലിയ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തിനും, കൊച്ചിക്കുമൊപ്പം രാജ്യത്തുടനീളം 75 നഗരങ്ങളിലായി ഇതേ വിഷയത്തിൽ നടന്ന ഏകദിന സമ്മേളനം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓൺലൈനായി ഉല്‍ഘാടനം ചെയ്തു.
'വിപണിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറച്ചു കൊണ്ടുവരിക എന്ന നയം സ്വീകരിച്ചതോടെ 1991നു ശേഷം പൊതു ആസ്തി ഭരണത്തിന്റെ സ്വഭാവം പുതിയൊരു ദിശയിലേക്ക് മാറി. സ്വകാര്യ മേഖലയില്‍ ഇതു സൃഷ്ടിച്ച അവസരങ്ങളിലൂടെ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുവാനും പുതിയ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. ഈ മാറ്റവും തന്ത്രപ്രധാനമായ ഓഹരി വില്‍പ്പനയും പൊതു മേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വരുമാനവും മത്സരക്ഷമതയും വര്‍ധിപ്പിക്കാനും സഹായിച്ചതായി ധനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകങ്ങളില്‍ ഓഹരി വിറ്റഴിച്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതായും ഇത് ഓഹരി വിപണിക്ക് ഊര്‍ജ്ജം പകരുന്നതായും അവര്‍ പറഞ്ഞു.
അസാപ് സിഎംഡി ഡോ. ഉഷ ടൈറ്റസ്, ജില്ലാ വികസന കമ്മീഷണറും, തിരുവനന്തപുരം സ്മാർട്ട് സിറ്റി സി ഇ ഒയുമായ ഡോ. വിനയ് ഗോയൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഹെഡ് ഡോ. ഷൈജുമോൻ സി.എസ്, ടെക്‌നോപാർക്ക് മുൻ സിഇഒ ജി. വിജയരാഘവൻ,, ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് കേരള റീജണൽ ഹെഡ് സന്ദീപ്. എസ്, സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷിബുനാഥ് ടി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് മാനേജർ ആനന്ദ് ഷെയോൺ എന്നിവര്‍ പ്രസംഗിച്ചു.