· കണ്ണൂര്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ അയ്യപ്പന്‍ കാവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതി നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു. നവകേരളം പച്ചത്തുരുത്തുകള്‍ക്ക് തുടക്കമിട്ടുള്ള പച്ചത്തുരുത്ത് വ്യാപന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ച കണ്ണൂര്‍ ജില്ലയില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ അയ്യപ്പന്‍കാവില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം 4 മണിക്ക് അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ ഭൂമിയില്‍ വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ പദ്ധതി വിശദീകരണം നടത്തും. പച്ചത്തുരുത്ത് ബ്രോഷര്‍ പ്രകാശനം ടി. ശിവദാസന്‍ എം.പി. നിര്‍വഹിക്കും. സണ്ണി ജോസഫ് എം.എല്‍.എ., കെ. സുധാകരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
മുഴക്കുന്ന് ഗ്രാപഞ്ചായത്തിന് കീഴിലുള്ള 136 ഏക്കര്‍ ഭൂമിയുടെ ഒരു ഭാഗത്താണ് നവകേരളം പച്ചത്തുരുത്ത് ഒരുക്കുന്നത്. ഇതുള്‍പ്പെടെ ഇവിടെ ജൈവ വൈവിധ്യ ഉദ്യാനമൊരുക്കാനാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ചെറുവന മാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ പ്രതിരോധിക്കാനും പാരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പച്ചത്തുരുത്തുകള്‍. ഇതിനകം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 574 ഏക്കറിലായി 1850 ലധികം പച്ചത്തുരുത്തുകള്‍ നിലവിലുണ്ട്. പച്ചത്തുരുത്ത് വിഭാവനം ചെയ്ത ലക്ഷ്യത്തിലേക്ക് അവ പുരോഗമിക്കുന്നതായാണ് വിദഗ്ധര്‍ ഇതു സംബന്ധിച്ച് നടത്തിയ അവസ്ഥാ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനത്തില്‍ തുടക്കമിടുന്നതെന്ന് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം എല്ലാ ജില്ലകളിലും ജൂണ്‍ 5 ന് നവകേരളം പച്ചത്തുരുത്തുകള്‍ക്ക് തുടക്കമാവും.