അഗ്‌നിരക്ഷാ പ്രവര്‍ത്തകരുടെ സാഹസികതയും വെല്ലുവിളികളും അടുത്തറിഞ്ഞ് കമാന്‍ഡോ ബ്രിഡ്ജിലൂടെയും ബര്‍മാ ബ്രിഡ്ജിലൂടെയുമുള്ള യാത്ര കാണികള്‍ക്ക് ഹരമാകുന്നു. കനകക്കുന്നിലെ അഗ്‌നിരക്ഷാ സേനയുടെ സ്റ്റാളിലും അക്ടിവിറ്റി ഏരിയയിലുമാണ് ഇതിന് അവസരം ഒരുക്കിയിട്ടുള്ളത്. സാഹസികമായ രക്ഷാ പ്രവര്‍ത്തനത്തിന്റെ തല്‍സമയ അനുഭവങ്ങള്‍ ആക്ടിവിറ്റി ഏരിയയില്‍ അടുത്തറിയാം. ഇതുവഴി രക്ഷാമാര്‍ഗങ്ങളുടെ വിശദമായ പഠനവും കാണികള്‍ക്ക് സാധ്യമാകുന്നു. ബ്രിഡ്ജിലും മറ്റും കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ മഹാമാരിയും പ്രളയവും നല്‍കിയ പാഠങ്ങളെ ഉള്‍കൊണ്ട് വികസിപ്പിച്ചെടുത്ത രക്ഷാമാര്‍ഗങ്ങളായ പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ടുള്ള ലൈഫ് ജാക്കറ്റ്, ടെറികാന്‍, പോട്ട് വാട്ടര്‍ വിങ് എന്നിവയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഉപകരണങ്ങളുടെ നിര്‍മാണം, ഉപയോഗം എന്നിവ കാണികള്‍ക്കായി ഉദ്യോഗസ്ഥര്‍ കൃത്യമായി വിശദീകരിച്ചു നല്‍കുന്നു. പാചകവാതക സിലിണ്ടറിന് തീ പിടിച്ചാല്‍ തത്ക്ഷണം ചെയ്യേണ്ട രക്ഷാദൗത്യങ്ങളെ കുറിച്ചുള്ള പ്രായോഗിക ക്ലാസുമുണ്ട്്. 2019 ലെ പ്രളയകാലത്ത് അഗളിയിലെ പട്ടിമാളത്ത് അകപ്പെട്ടുപോയ പൂര്‍ണഗര്‍ഭിണിയായ ലാവണ്യയെ പുഴയ്ക്ക് കുറുകെ ഏരിയല്‍ ബ്രിഡ്ജ് ഉപയോഗിച്ച് രക്ഷപ്പെടുത്തിയതിന്റെ മിനിയേച്ചറും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. റബ്ബര്‍ ഡിങ്കി, ബോഡി ഹാര്‍നെസ്സ്, ഡിസെന്റിങ് പ്രോസസ്സ് എന്നിവയുടെ മാതൃകകളും ഇവിടെ അണിനിരത്തിയിട്ടുണ്ട്.
കൂടാതെ അഗ്നി രക്ഷാ വകുപ്പിന്റെ മാനിക്യൂര്‍ ട്രെയിനിങ്, സി.പി.ആര്‍. ട്രെയിനിങ് എന്നിവയും സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നു. ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയുടെ വിവിധ ഘട്ടങ്ങള്‍ ഡമ്മികള്‍ ഉപയോഗിച്ച് ഇവിടെ ഉദ്യോഗസ്ഥര്‍ പഠിപ്പിക്കുന്നു. നവജാത ശിശുക്കളില്‍ ഉണ്ടാകുന്ന ശ്വാസതടസത്തിനു ചെയ്യാവുന്ന പ്രഥമ ശുശ്രൂഷയ്ക്ക് പ്രത്യേകം ക്ലാസ്സുകളുമുണ്ട്. സ്‌ക്യൂബാ സ്യൂട്ട്, ഫയര്‍ പ്രോക്സിമിറ്റി സ്യൂട്ട്, ഫയര്‍ എന്‍ട്രി സ്യൂട്ട് എന്നിവ ഉള്‍പ്പെടെ അഗ്നി രക്ഷാ വകുപ്പില്‍ ഉപയോഗിക്കുന്ന മിക്ക സംവിധാനങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. അപകട സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക ബുദ്ധി ജനങ്ങളില്‍ വികസിപ്പിക്കുക വഴി സുരക്ഷിത കേരളത്തിനായി കൈക്കോര്‍ക്കുകയാണ് അഗ്നി രക്ഷാ സേനയുടെ സ്റ്റാളിലൂടെ.