പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാലികമായ പുനസ്സംഘടനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനായി വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിദഗ്ധ സമിതി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയാണ് റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറിയത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ.ഹരികുമാര്‍, ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. . സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ പശ്ചാത്തലത്തില്‍ നടപ്പിലാക്കുന്ന നവീകരണ, വിപുലീകരണ പദ്ധതികളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തിന്റെ മാത്രം സവിശേഷതയായി മാറുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയെ സംരക്ഷിക്കുകയും ബദലായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. പൊതുമേഖലയെ ബദലായി ഉയര്‍ത്തിക്കാണിക്കണമെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മത്സരാധിഷ്ഠിതവും ലാഭകരവുമായിരിക്കണം. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഒറ്റനോട്ടത്തില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധത്തോടെയുള്ള സാമ്പത്തിക പ്രവര്‍ത്തന സ്വയംഭരണാവകാശം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം.
ജൂണ്‍ 17നുള്ളില്‍ സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന്‌നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിയാല്‍ മാനേജിംഗ് ഡയറക്ടര്‍മാരുടെയും ഫിനാന്‍സ് ഓഫിസര്‍മാരുടെയും ശമ്പളം തടഞ്ഞു വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും ഓഡിറ്റ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാകും. നിലവില്‍ 21 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണ്. അടുത്ത വര്‍ഷത്തോടെ 30 സ്ഥാപനങ്ങളെ ലാഭത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങള്‍ സ്വയം പര്യാപ്തമായിരിക്കണം. സ്വയം പര്യാപ്തമല്ലാതെ ഒരു സ്ഥാപനത്തിനും പ്രവര്‍ത്തിക്കാനാകില്ല. സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതിന് പകരം ഒറ്റത്തവണയായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രവര്‍ത്തന മികവ് കൃത്യമായി വിലയിരുത്തും. അതിന് അനുസരിച്ച് ഇന്‍സെന്റീവ് നല്‍കും. സ്ഥാനക്കയറ്റത്തിന് യോഗ്യത മാനദണ്ഡമാക്കുകയും കൃത്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ സ്വീകരിക്കുകയുംചെയ്യും. മാനേജിരിയല്‍ തസ്തികകളിലേക്ക് കൃത്യമായ തിരഞ്ഞെടുപ്പ് നടപടികളില്‍ കൂടി മാത്രമേ സ്ഥാനക്കയറ്റം അനുവദിക്കുകയുള്ളൂ. എല്ലാ ബോര്‍ഡിലും മൂന്നില്‍ ഒന്നു പേര്‍ പ്രൊഫഷണലുകളാകണം. എല്ലാ ബോര്‍ഡിലും അക്കൗണ്ട്‌സ് കമ്മിറ്റി ഉണ്ടായിരിക്കണം. തീരുമാനങ്ങള്‍ അതാത് സ്ഥാപനങ്ങളില്‍ തന്നെ സ്വീകരിക്കണമെന്നും എല്ലാ ഫയലുകളും സര്‍ക്കാരിലേക്ക് അയക്കുന്ന പതിവ് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിശോധിച്ച് രണ്ടുമാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മികച്ച കമ്പനി, മികച്ച സിഇഓ, മികച്ച ഓഫീസര്‍, മികച്ച തൊഴിലാളി, മികച്ച മീഡിയ റിപ്പോര്‍ട്ട് എന്നിവര്‍ക്കുള്ള അവാര്‍ഡുകളും കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ ലോഗോ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍ അശോക് സ്വാഗതം പറഞ്ഞു. വിദഗ്ധ സമിതി അംഗങ്ങള്‍ക്കു പുറമേ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. റിയാബ് മെമ്പര്‍ സെക്രട്ടറി കെ. പദ്മകുമാര്‍ നന്ദി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രധാന തടസ്സങ്ങളിലൊന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തീരുമാനമെടുക്കുന്നതിലെ കാലതാമസമാണ്. മെഷീനറികള്‍ മാറ്റിസ്ഥാപിക്കുന്നതിനും പുതുക്കുന്നതിനുമുള്ള പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ പലപ്പോഴും സമയവും ചെലവും അധികരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ സുതാര്യമായും സമയബന്ധിതമായും സാങ്കേതികമായി കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് സാമ്പത്തിക അധികാരങ്ങളും സ്വയംഭരണാവകാശവും നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്കും മാനേജ്‌മെന്റിനും സാമ്പത്തികവും പ്രവര്‍ത്തനപരവുമായ അധികാരങ്ങള്‍ കൈമാറുന്നതിനായി 28 വിഷയങ്ങള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് ധനകാര്യം, പ്രോജക്ട് നടപ്പിലാക്കല്‍, എച്ച്ആര്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, കൊമേഴ്‌സ്യല്‍, അസറ്റ് മാനേജ്മെന്റ്, പാര്‍ട്ണര്‍ഷിപ്പ്, പ്രൊക്യുര്‍മെന്റ് തുടങ്ങിയ മേഖലകളിലാണ് സ്വയംഭരണാധികാരം നല്‍കുന്നത് സംബന്ധിച്ചുള്ള ശുപാര്‍ശകളുള്ളത്.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന്, പ്രവര്‍ത്തനങ്ങളുടെ ആനുകാലിക അവലോകനവും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അധികാരം നല്‍കുന്നതോടൊപ്പം, നിയുക്ത അധികാരങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഓഡിറ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കമ്മിറ്റി നിഷ്‌ക്കര്‍ഷിക്കുന്നതോടൊപ്പം ഉത്തരവാദിത്തം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ങഛഡ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു. കോര്‍പ്പറേറ്റ് ഗവേണന്‍സ് ഗൈഡ്ലൈന്‍സ് ആന്‍ഡ് കമ്പനീസ് ആക്ട് 2013, പൊതുമേഖല0ാ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് ബജറ്റില്‍ അനുവദിക്കുന്ന ഫണ്ടുകള്‍ സമയോചിതമായി റിലീസ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന വേതന പ്രശ്‌നങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പര്‍ച്ചേസ് പോളിസിയും നടപടിക്രമങ്ങളും, കോര്‍പ്പറേറ്റ് ഭരണം എന്നിവ ഉറപ്പാക്കുന്നതിനാണ് ധാരണാപത്രം (എംഒയു) ഒപ്പുവെക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ള വ്യക്തികള്‍, സ്വതന്ത്ര ഡയറക്ടര്‍മാര്‍, ബോര്‍ഡിന്റെ ഉത്തരവാദിത്തം, ഓഡിറ്റ് കമ്മിറ്റി, മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തം എന്നിവയ്ക്കു പ്രാധാന്യം നല്‍കാനും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ നിലവിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തമാക്കുകയും അതുവഴി വിജയം നേടാന്‍ സഹായിക്കുകയും ചെയ്യുന്നവയാണ്.