ഹരിതകേരളം മിഷനും യു.എന്‍.ഡി.പി.യും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം 'വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍' മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വനം വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. നിയമസഭാ സമുച്ചയത്തില്‍ മുഖ്യമന്ത്രിയുടെ കാബിനില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ പങ്കെടുത്തു. ഹരിതകേരളം മിഷനും സലീം അലി സെന്റര്‍ ഓഫ് ഓര്‍ണിത്തോളജി & നാച്ചുറല്‍ ഹിസ്റ്ററിയുമായി സഹകരിച്ച് യു.എന്‍.ഡി.പി. ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ്പ് പ്രോജക്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ 9 ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ പഠനത്തെ അധികരിച്ചാണ് പുസ്തകം തയ്യാറാക്കിയത്. വേഴാമ്പലുകളുടെ ആവാസ വ്യവസ്ഥ സമൂഹ പങ്കാളിത്തത്തിലൂടെ സംരക്ഷിക്കപ്പെടാന്‍ ലക്ഷ്യമിട്ടാണ് പഠനവും പ്രസിദ്ധീകരണവും. കേരളത്തിലെ വ്യത്യസ്ഥ വേഴാമ്പലുകള്‍, അവയുടെ ആവാസ വ്യവസ്ഥകള്‍, അവയുടെ സ്വഭാവ രീതികള്‍, പാരിസ്ഥിതിക വ്യവസ്ഥയില്‍ അവയുടെ പങ്ക്, വേഴാമ്പലുകളുടെ ആവാസവ്യവസ്ഥയെ എങ്ങനെ സഹായിക്കാം തുടങ്ങിയവയാണ് പുസ്തകത്തിലെ മുഖ്യ പ്രതിപാദനം. പ്രകാശനച്ചടങ്ങില്‍ ഹരിതകേരളം മിഷനിലേയും യു.എന്‍.ഡി.പി. പദ്ധതിയിലേയും ഉദ്യോഗസ്ഥരും സന്നിഹിതരായി.