വിദേശ ഓഹരി മൂലധനം മൂലം തകിടം മറിയുന്ന സി എസ് ബി ബാങ്കിൻ്റെ ജനകീയ സേവന സ്വഭാവം നിലനിർത്തുക, 2017-ൽ കാലഹരണപ്പെട്ടതിനാൽ 2020-ൽ വ്യാവസായികതലത്തിൽ പരിഷ്കരിച്ചതും മറ്റെല്ലാ ബാങ്കുകളിലും പ്രാബല്യത്തിൽ വന്നതുമായ സേവന-വേതന വ്യവസ്ഥകൾ സി എസ് ബി ബാങ്കിലും നടപ്പാക്കുക, കരാർ നിയമനങ്ങൾ നിർത്തലാക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി എസ് ബി ബാങ്കിലെ മുഴുവൻ ജീവനക്കാരും ഓഫീസർമാരും ഇന്ന് രാജ്യവ്യാപകമായി പണിമുടക്കി.
ഇതേ ആവശ്യമുന്നയിച്ചു നടന്ന ഒമ്പതാമത്തെ പണിമുടക്കാണ് ഇന്നത്തേത്.
രാജ്യമെമ്പാടുമായുള്ള 550-ൽ പരം ശാഖകളിലും കാര്യാലയങ്ങളിലുമുള്ള ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കിയത്.
പണിമുടക്കിയ ജീവനക്കാരും ഐക്യദാർഢ്യം നേർന്ന് ബാങ്ക് യൂണിയൻ ഐക്യവേദി പ്രവർത്തകരും സമര സഹായസമിതി നേതാക്കളും തിരുവനന്തപുരത്ത് റിസർവ് ബാങ്കിലേയ്ക്ക് മാർച്ച് നടത്തി.
സമരത്തിന്നാധാരമായ പ്രശ്നങ്ങൾക്ക് അടിയന്തിരപരിഹാരമഭ്യർത്ഥിച്ച് സംയുക്ത സമര സഹായസമിതി അദ്ധ്യക്ഷനും മുൻ മന്ത്രിയുമായ കെ പി രാജേന്ദ്രൻ (എ ഐ ടി യു സി ), മുൻ എംപിയും ജനറൽ കൺവീനറുമായ കെ ചന്ദ്രൻ പിള്ള (സി ഐ ടി യു )എന്നിവർ ഒപ്പുവെച്ച നിവേദനം റിസർവ്വ് ബാങ്ക് റീജണൽ ഡയറക്ടർക്ക് നൽകി.
റിസർവ് ബാങ്കിൻ്റെ മുന്നിൽ നടന്ന ധർണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജനറൽ സെക്രട്ടറി വി ജെ ജോസഫ്, എഐടിയുസി സെക്രട്ടറി എം പി ഗോപകുമാർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എ ഐ ബി ഇ എ പ്രസിഡൻ്റ് കെ എസ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.
എൽ.ശ്രീനിവാസ നായക് (വൈസ് പ്രസിഡൻ്റ്, എ ഐ ബി ഒ സി), എസ് അഖിൽ (ജന. സെക്രട്ടറി, എൻസിബിഇ), എസ് എസ് അനിൽ (ജന. സെക്രട്ടറി, ബി ഇ എഫ് ഐ) സംസാരിച്ചു.
യുഎഫ് ബിയു ജില്ലാ കൺവീനർ വി ജെ വൈശാഖ് സ്വാഗതവും സി എസ് ബി ഒ എ ജനറൽ സെക്രട്ടറി കെ ജെ ലതീഷ് കുമാർ നന്ദിയും പറഞ്ഞു.
വിവിധ സംഘടനാ നേതാക്കളായ ജോസഫ് കുര്യാക്കോസ്, സുബിൻ ബാബു, വി പ്രതീഷ് കുമാർ, സി എ മോഹനൻ, കെ പി ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.