പുരുഷകേന്ദ്രീകൃത അധികാരഘടനയുടെ ശ്രേണീബദ്ധമായ രീതി മാറ്റുവാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടിയായ സമത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീധനം പോലെയുള്ള സാമൂഹ്യ ദുരാചാരങ്ങള്‍ നിയമംമൂലം നിരോധിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അത് സാമൂഹിക അന്തസിന്റെ അടയാളമായി തുടരുന്ന അവസ്ഥ പ്രബുദ്ധകേരളത്തില്‍ പോലും നിലനില്‍ക്കുമ്പോള്‍ അതിനെതിരായ പ്രതിരോധനിര കെട്ടിപ്പടുക്കുവാനുള്ള ഉത്തരവാദിത്വം സമൂഹത്തിനാകെയുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന സമം വനിതാദിനാഘോഷ പരിപാടി മന്ത്രിക്കൊപ്പം സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, കവയിത്രി റോസ്മേരി, നടി ലക്ഷ്മി ഗോപാലസ്വാമി, കായികതാരം കെ.സി ലേഖ, കെ.എസ്.എഫ്.ഡി.സി എം.ഡി മായ ഐ.എഫ്.എസ്, പ്രശസ്ത അഭിഭാഷിക അഡ്വ. ഗീനാകുമാരി, നടി കെ.പി.എ.സി ലീല എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, ജി. ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.എഫ്.ഡി.സി മുഖാന്തിരം നിര്‍മിക്കുന്ന വനിതാ സംവിധായകരുടെ സിനിമകളുടെ സ്വിച്ച് ഓണ്‍ കര്‍മം, ചിത്രകലാ ക്യാമ്പ്, നവകവിയത്രികളുടെ കവിയരങ്ങ്, പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച സംഗീത നൃത്താവിഷ്കാരം, മ്യൂസിക് ഡാന്‍സ് ഷോ എന്നിവയും അരങ്ങേറി.