അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 മുതല്‍ 3 ദിവസങ്ങളിലായി സംസ്കാരിക വകുപ്പിന്റെ ബോധവല്‍ക്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ വനിതാദിനാഘോഷ പരിപാടികള്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ അരങ്ങേറുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം എന്ന സന്ദേശമുയർത്തി ആവിഷ്കരിച്ച ഒരു വര്‍ഷം നീളുന്ന ബോധവൽക്കരണ പരിപാടിയാണ് സമം. സാംസ്കാരിക, യുവജനകാര്യ വകുപ്പുകൾക്ക് കീഴിലെ വിവിധ സ്ഥാപനങ്ങൾ, എസ്.പി.സി, എൻ.എസ്.എസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് സമം പരിപാടി നടപ്പിലാക്കുന്നത്. ലിംഗസമത്വം അടിസ്ഥാന പൗരാവകാശമെന്ന സന്ദേശമാണ് 'സമം' മുന്നോട്ടുവയ്‌ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ ലിംഗസമത്വം നാളത്തെ സുസ്ഥിരവികസനം എന്ന ആശയമാണ് 2022ലെ അന്താരാഷ്ട്ര വനിതാദിനം മുന്നോട്ടു വെയ്ക്കുന്നത്. ഈ ആശയം ഉള്‍കൊണ്ടാണ് സമം അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 8 ന് രാവിലെ 10 മണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റണി ജോര്‍ജ് ഐ.എ.എസ്, കവയിത്രി റോസ്മേരി, നടി ലക്ഷ്മി ഗോപാലസ്വാമി, ഒളിമ്പ്യന്‍ കെ.സി ലേഖ, ഡോ. റംല ബീവി, പ്രശസ്ത അഭിഭാഷിക അഡ്വ. ഗീനാകുമാരി, നടി കെ.പി.എ.സി ലീല എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സാംസ്ക്കാരികവകുപ്പ് മന്ത്രി സജിചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പൊതുഗതാഗത വകുപ്പ് മന്ത്രി രാജു ആന്‍റണി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.എഫ്.ഡി.സി മുഖാന്തിരം നിര്‍മിക്കുന്ന വനിതാ സംവിധായകരുടെ സിനിമകളുടെ സ്വിച്ച് ഓണ്‍ കര്‍മം, ചിത്രകലാ ക്യാമ്പ്, നവകവിയത്രികളുടെ കവിയരങ്ങ്, പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന സംഗീത നൃത്താവിഷ്കാരം, മ്യൂസിക് ഡാന്‍സ് ഷോ എന്നിവയും അരങ്ങേറും.
രണ്ടാം ദിനമായ മാര്‍ച്ച് 9 ന് സ്ത്രീധന നിരോധനം- നിയമപ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സംവാദവും സ്ത്രീയും നിയമപരിരക്ഷയും എന്ന വിഷയത്തില്‍ സെമിനാറും നടക്കും. തുടര്‍ന്ന് വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. വൈകിട്ട് 6 ന് ഇന്റർനാഷണൽ പെർഫോർമിംഗ് ആർട്സുമായി സഹകരിച്ച് ഭാരത് ഭവൻ ഒരുക്കുന്ന സാംസ്കാരിക വിനിമയോത്സവത്തിന്റെ ഉദ്ഘാടനം സാംസ്ക്കാരികവകുപ്പ് മന്ത്രി സജിചെറിയാന്‍ നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാ എം.പി ഡോ. അമര്‍ പട്നായിക് മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ശിവാനി ശര്‍മ അവതരിപ്പിക്കുന്ന കഥക്, ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള മാജിക് ഷോ, കനല്‍പൊട്ട് സ്ത്രീപക്ഷ നൃത്തശില്പാവിഷ്കാരം, മിനി മനോജ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, പെണ്‍ പോരിമ ഡാന്‍സ് ഷോ എന്നിവയും നടക്കും. അവസാന ദിനമായ മാര്‍ച്ച് 10 ന് രാവിലെ നടക്കുന്ന സ്ത്രീ ശാക്തീകരണം- ലിംഗ സമത്വം സെമിനാര്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാഷണല്‍ സര്‍വീസ് സ്കീം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഹരിദാസ് സന്തൂറും സംഘവും അവതരിപ്പിക്കുന്ന സന്തൂര്‍ മ്യൂസിക്, സതീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന മയൂര നൃത്തം, ട്രാന്‍സ്ജണ്ടേഴ്സ് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, ഫാഷന്‍ ഷോ, തേജസ്വിനി ഗൗതം അവതരിപ്പിക്കുന്ന ഒഡീസി നൃത്തം, പെണ്‍പാവക്കൂത്ത് എന്നിവയും നടക്കും. വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകള്‍, പുസ്തകശാലകള്‍ തുടങ്ങിയവയും ഇതോടനുബന്ധിച്ചു ടാഗോര്‍ തിയേറ്ററില്‍ ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.