തിരുവനന്തപുരം : സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒ പി വിഭാഗത്തിലെ രോഗികൾക്ക് വിവിധ ലാബ് പരിശോധനാ ഫലങ്ങൾ അവിടെ നിന്നു തന്നെ ലഭ്യമാക്കുന്നതിന് സംവിധാനമൊരുങ്ങി. ഇ ഹെൽത്ത് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവിൽ വന്നത്. നിലവിൽ രാവിലെ എട്ടു മുതൽ ഒന്നു വരെയുള്ള ഫസ്റ്റ് ഷിഫ്ടിലെ ലാബ് റിസൾട്ടുകളാണ് ഒരിടത്തു നിന്നു തന്നെ ലഭ്യമാകുന്നത്. ഇ ഹെൽത്ത് പദ്ധതിയുടെ പ്രയോജനം ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർക്ക് നേരിട്ടെത്തുന്നതിന് കാലതാമസമരുതെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം കംപ്യൂട്ടർ വത്കരണം ആശുപത്രി അധികൃതർ ഊർജ്ജിതപ്പെടുത്തിയിരുന്നു. എസ് എസ് ബി യിലെ കൗണ്ടർ വഴി പരിശോധനാ ഫലം ലഭ്യമായിത്തുടങ്ങിയതോടെ റിസൾട്ട് വാങ്ങാനുള്ള കൂട്ടിരിപ്പുകാരുടെ നെട്ടോട്ടത്തിന് പരിഹാരമായി. ഇത്രയും നാൾ ക്ലിപ്പ് ലാബ്, ബയോ കെമിസ്ട്രി വിഭാഗങ്ങളിൽ നിന്നുള്ള റിസൾട്ട് വാങ്ങാൻ 16-ാം വാർഡിനു സമീപത്തെ കൗണ്ടറിലോ അത്യാഹിത വിഭാഗത്തിലോ ആണ് പോകേണ്ടിയിരുന്നത്.
ബയോകെമിസ്ട്രി, ക്ലിപ്പ് ലാബ്, കോവിഡ് റിസള്‍ട്ടുകൾ ഇവിടെ നിന്നും ലഭിക്കും. കംപ്യൂട്ടര്‍വത്കരണമേര്‍പ്പെടുത്തിയതോടെ ഒറ്റവരിയില്‍ നിന്നുതന്നെ ബയോകെമിസ്ട്രി, ക്ലിപ്പ്ലാബ് എന്നിവിടങ്ങളിലേയ്ക്കുള്ള സാമ്പിളുകളും നല്‍കാനാവും. ഇതുവരെ വെവ്വേറെയാണ് നല്‍കിയിരുന്നത്. റിസള്‍ട്ട് വാങ്ങുന്നതിനും ഒറ്റവരി മതിയാകും. ഒരുമാസം ഒപിയിലും ഐപിയിലുമായി ഒരു ഷിഫ്ടിൽ 12000 സാമ്പിളുകള്‍ വരെയാണ് നല്‍കുന്നത്. യു എച്ച് ഐ ഡി നമ്പര്‍ നല്‍കിയാല്‍ വളരെ വേഗം തന്നെ റിസള്‍ട്ട് നല്‍കാനും കഴിയും. ഈ സംവിധാനം പൂര്‍ത്തിയാകുന്നതോടെ രണ്ടുഷിഫ്ടിലെ റിസള്‍ട്ടും ഒരുസ്ഥലത്തുനിന്നുതന്നെ ലഭിക്കും. വാര്‍ഡുകളില്‍ നിന്നുതന്നെ റിസള്‍ട്ട് നല്‍കുന്നതിനും കഴിയും. റിസള്‍ട്ട് തയ്യാറാകുമ്പോള്‍ മൊബൈല്‍ഫോണില്‍ സന്ദേശമെത്തുകയും ചെയ്യും.
എത്രയും വേഗം ഇ ഹെൽത്ത് പദ്ധതി പൂർണമായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. നേരത്തേ ഡോക്ടർമാർ കുറിപ്പു നൽകാതെ തന്നെ ഒപിയിലിരുന്ന് ലാബ് പരിശോധനകളും എക്സ് റേയും ഓൺലൈനായി ലഭ്യമാക്കാനുള്ള സംവിധാനത്തിൻ്റെ പ്രാരംഭ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചിരുന്നു. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച പദ്ധതി കോവിഡ് വ്യാപനം മൂലം പ്രതിസന്ധി നേരിട്ടെങ്കിലും സർക്കാരിന്റെ നിരന്തര ഇടപെടലുകൾ കൊണ്ട് കോവിഡ് മൂലമുള്ള പരിമിതികൾ മറികടക്കാൻ സഹായിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ, ഇ ഹെൽത്തിൻ്റെ ചുമതലക്കാരനായ ഡോ കെ വി വിശ്വനാഥൻ എന്നിവർ കംപ്യൂട്ടർവത്കരണ പ്രവർത്തനങ്ങൾ നിരന്തരം അവലോകനം ചെയ്ത് കുറവുകൾ പരിഹരിക്കുന്നതിനു നേതൃത്വം നൽകി.