കൊച്ചി: ബാറ്ററി സ്വാപ്പിംഗ് സേവനങ്ങള്‍ക്കായുള്ള ഹോണ്ട മോട്ടോര്‍ കോര്‍പറേഷന്‍റെ പുതിയ ഉപസ്ഥാപനമായ ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ ലിമിറ്റഡും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ധാരണാ പത്രം ഒപ്പുവച്ചു. ഹോണ്ടയുടെ ബാറ്ററി സ്വാപ്പിംഗ് സേവനത്തിന്‍റെ തുടക്കമാണിത്.
ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യയിലൂടെ ത്രീ വീലറുകള്‍ക്ക് ബാറ്ററി സ്വാപ്പിംഗ് സേവനം ഹോണ്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ 2021ല്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് അടുത്തുള്ള ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യമുണ്ടാകും. ഈ സൗകര്യം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള ഡ്രൈവര്‍മാരുടെ ചെലവ് കുറയ്ക്കും. ബാറ്ററി ചാര്‍ജ് തീരുന്നതിനെ കുറിച്ചുള്ള ആശങ്കകളും ഒഴിയും.
ബെംഗളൂരു നഗരത്തിലാണ് 2022ന്‍റെ ആദ്യ പകുതിയില്‍ ആരംഭിക്കുന്നതെങ്കിലും എച്ച്പിസിഎല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളുള്ള രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.
ഇന്ത്യയില്‍ വിശ്വസനീയവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ബാറ്ററി സ്വാപ്പിംഗ് സേവനം ആരംഭിക്കുന്നതിനും ഹരിതമായ ഭാവി ഉറപ്പാക്കുന്നതിനും ഹോണ്ടയും എച്ച്പിസിഎല്ലും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ പ്രസിഡന്‍റും സിഎംഡിയുമായ കിയോഷി ഇറ്റോ പറഞ്ഞു
എച്ച്പിസിഎല്ലും ഹോണ്ടയും തമ്മിലുള്ള ശക്തമായ സഹകരണം ഊര്‍ജ്ജ പരിവര്‍ത്തന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് രണ്ട് കമ്പനികള്‍ക്കും തീര്‍ച്ചയായും വഴിയൊരുക്കും, എച്ച്പിസിഎല്‍ കോര്‍പ്പറേറ്റ് സ്ട്രാറ്റജി പ്ലാനിംഗ്, ബിസിനസ് ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രജനീഷ് മേത്ത പറഞ്ഞു.