November 25, 2024

Login to your account

Username *
Password *
Remember Me

മലയാളം പഠിക്കാത്തവർക്ക് സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും: മുഖ്യമന്ത്രി

Malayalam aptitude test to be made compulsory in government service for non-Malayalam learners: CM Malayalam aptitude test to be made compulsory in government service for non-Malayalam learners: CM
പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാണ്മ എന്ന പേരിൽ മലയാളം മിഷൻ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പി.എസ്.സി. പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചത്. കെ.എ.എസ്. പ്രവേശനത്തിൽ മലയാളം അഭിരുചി പരിശോധിക്കപ്പെടുന്നെന്ന് ഉറപ്പാക്കി. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരുടെ മലയാള പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ മാത്രം ഉദ്ദേശിച്ചല്ല, കേരളത്തിൽന്നുള്ള മലയാളം അറിയാത്തവരെക്കൂടി ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം ഭാഷയും വികസിക്കണമെങ്കിൽ ഭാഷാ സൗഹൃദപരമായ സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയ്ക്കു മേൽക്കൈയുള്ള സമൂഹത്തിൽ ഭാഷയ്ക്കു നിലനിൽക്കാൻ ഇത്തരം നവീന ആശയങ്ങൾ പ്രാവർത്തികമാക്കണം. സാങ്കേതിക വിദ്യയുടെ പ്രാദേശികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ഇലക്ട്രോണിക്സ്- വിവര സാങ്കേതിക വകുപ്പ് ആറു സോഫ്റ്റ്വെയറുകൾ പുറത്തിറക്കിയത് ഇതിന്റെ ഭാഗമായാണ്.
ഭാഷയുടെ വികസനത്തിനു പൊതു സമൂഹത്തിന്റെ ഇടപെടലും വേണം. സ്വയം നവീകരിച്ചും ദൈനംദിന വ്യവഹാരങ്ങളിൽ ഏർപ്പെട്ടുമാണ് ഓരോ ഭാഷയും നിലനിൽക്കുന്നത്. മാറുന്ന കാലത്തിനും സാഹചര്യത്തിനും ശൈലികൾക്കും അനുയോജ്യമായ പദങ്ങൾ ഉൾക്കൊണ്ട് മാതൃഭാഷയെ വിപുലീകരിക്കണം. ഇംഗ്ലിഷ് പദങ്ങൾ മലയാളത്തിലേക്കു പരിഭാഷപ്പെടത്തുമ്പോൾ പലപ്പോഴും അതികഠിനവും സങ്കീർണവുമായ പദങ്ങളായി മാറുന്നുണ്ട്. സാധാരണക്കാരന് ഉപയോഗിക്കാൻ കഴിയുംവിധം പദങ്ങൾ പരിഭാഷപ്പെടുത്തുകയോ സാധാരണക്കാർ ഉപയോഗിക്കുന്ന പദങ്ങളെ അതേപടി സ്വീകരിക്കുകയോ ചെയ്തുവേണം ഭാഷ വിപുലപ്പെടുത്തേണ്ടത്. കേരളത്തിൽ മലയാളം അല്ലാത്ത ഭാഷകൾ മാതൃഭാഷയായിട്ടുള്ള നിരവധിപേരുണ്ട്. അവരേയും അവരുടെ ഭാഷകളേയും അരികുവത്കരിച്ചാകരുത് മലയാളത്തെ അഭിവൃദ്ധിപ്പെടുത്തുന്നത്. കേരളത്തിലുള്ള ഭാഷാ ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളം മിഷന്റെ പ്രഥമ കണിക്കൊന്ന പുരസ്‌കാരം മലയാളം മിഷൻ യു.കെ. ചാപ്റ്ററിന് മുഖ്യമന്ത്രി സമ്മാനിച്ചു.
ലോകത്ത് മലയാളിയുള്ള എല്ലായിടത്തും മലയാള ഭാഷയുടെ പ്രചാരണം നടപ്പാക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം മിഷന്റെ ഭാഷാ പ്രതിഭാ പുരസ്‌കാരം ഗതാഗത മന്ത്രി ആന്റണി രാജുവും സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ധനമന്ത്രി കെ.എൻ. ബാലഗോപാലും സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ - പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാർ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻ-ചാർജ് എം.വി. സ്വാലിഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.